കൊറോണയല്ല അതിലും വലുത് വന്നാലും ചെങ്കൽച്ചുള തോൽക്കില്ല: ലോകം കണ്ടുപഠിക്കണം കോളനികളെന്നു മുദ്രകുത്തി മാറ്റിനിർത്തിയ ഈ ചെങ്കൽച്ചൂള മാതൃക

single-img
19 July 2020

കേരളത്തിൻ്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഇന്ന് കോവിഡ് വ്യാപന ഭീഷണിയിലാണ്. പൂന്തുറ ഉൾപ്പെടെയുള്ള തീരദേശമേഖലകൾ വെെറസ് കീഴടക്കിക്കഴിഞ്ഞു. ജില്ലയിലെ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം ശക്തമാകുന്നതിനു കാരണം ജനസാന്ദ്ര കൂടിയാണ് എന്ന സത്യം നിലനിൽക്കുമ്പോഴും അധികൃതർക്ക് അത്ഭുതം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലം ഇവിടെയുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ കോളനികളിലൊന്ന്. നഗരത്തിൻ്റെ ഒത്തനടുക്ക് പതിനൊന്ന് ഏക്കറില്‍ പരന്നുകിടക്കുന്ന കോളനി.സംസ്ഥാന തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്ത് പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ ജീവിക്കുന്ന ജനങ്ങളുള്ളയിടം. അടുപ്പുകൂട്ടിയതുപോലെ ചെറുവീടുകളും, അവയിലെല്ലാം  ഏഴും എട്ടും മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശം. ഗുണ്ടകളുടെയും സാമൂഹികദ്രോഹികളുടെയും കേദാരമെന്ന് പലരും രഹസ്യമായും പരസ്യമായും പറഞ്ഞു സ്ഥാപിച്ചയിടം. സെക്രട്ടറിയേറ്റ് നിര്‍മ്മിക്കന്‍ ചെങ്കല്ല് ചുട്ടെടുത്ത പ്രദേശം എന്ന അർത്ഥത്തിൽ പിൽക്കാലത്ത് അറിയപ്പെട്ടയിടം.  അതാണ് തിരുവനന്തപുരത്തെ രാജാജി നഗറെന്ന ചെങ്കൽച്ചൂള. 

എന്നാൽ തലസ്ഥാന നഗരിയെ പാടെ വിഴുങ്ങി കോവിഡ് മഹാമാരി മുന്നേറുമ്പോഴും ചെങ്കൽച്ചൂളയിൽ അത് പടിക്കു പുറത്താണ്. തങ്ങളെ ആക്രമിച്ചു കീഴടക്കാം എന്നു കരുതി വരുന്നവർ മനുഷ്യരായാലും കൊറോണയായാലും ചൂളയ്ക്കുള്ളിൽ നിയമം ഒന്നു തന്നെ. 

തലസ്ഥാന നഗരിയെ ശ്വാസം മുട്ടിച്ച് കോവിഡ് വ്യാപനം അതിരൂക്ഷ്മായി മുന്നോട്ടുപോകുമ്പോള്‍ സാധാരണക്കാര്‍ താമസിക്കുന്ന ഈ ഇടം വലിയൊരു പ്രതിരോധ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. ഹെെക്ലാസ് സമൂഹം എന്നും അവജ്ഞയോടെ മാത്രം കണ്ടിട്ടുള്ള ഈ സാധാരണക്കാർ ഇന്ന് തലയയർത്തി നിൽക്കുകയാണ്. ഏറ്റവും കൂടുതൽ സമൂഹവ്യാപനം നടക്കാൻ സാധ്യതയുണ്ടായിട്ടും അതിനെ ചെറുത്തു തോൽപ്പിച്ച അഹങ്കാരത്തോടെ തന്നെ. തങ്ങളുടെ ഇടത്തിൽ കോവിഡ് വ്യാപനം സംഭവിച്ചു കഴിഞ്ഞാല്‍ എന്താകും അവസ്ഥയെന്ന് ഇവിടുത്തുകാര്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ആ ബോധ്യത്തോടെ തന്നെയാണ് അവർ വെെസിനെ നേരിടുന്നതും. എന്നാൽ ഒരിക്കലും കോവിഡ് 19 തങ്ങളുടെ മേഖലയിലേക്ക് കടന്നുവരില്ല എന്ന അമിത ആത്മവിശ്വാസം ഇവർക്കില്ല. പകരം അതിൻ്റെ വരവിനെ എങ്ങനെ ചെറുക്കാമെന്നാണ് ഇവർ നോക്കുന്നത്. 

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. വിവിധ ഭാഗങ്ങളിലായി നിലവില്‍ 1515പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ചെങ്കല്‍ച്ചൂളയെ പോലെ തന്നെ ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ് പൂന്തുറ. ഇവിടെ കോവിഡ് പടർന്നുപിടിച്ചതാണ് സ്ഥിതിഗതികൾ ഇത്രത്തോളം സങ്കീർണ്ണമാക്കിയത്. പൂന്തുറയിൽ സാമൂഹ്യവ്യാപനം സംഭവിച്ച കാഴ്ച ഇവർക്കു മുന്നിലുള്ളതുകൊണ്ടുതന്നെ ഓ രോ ചുവടും വളരെ കടരുതലോടെയാണ് ചെങ്കൽച്ചൂള നിവാസികൾ മുന്നോട്ടു വയ്ക്കുന്നതും. 

കോവിഡിനെതിരെ ഇവർ എങ്ങനെയാണ് ഇത്രയും ശക്തമായ പ്രതിരോധം തീർക്കുന്നത്? ചെങ്കല്‍ച്ചൂളയിലെ യുവാക്കളാണ് ഈ പ്രതിരോധ പ്രവർത്തനങ്ങൾക്കു മുന്നിൽ. യുവാക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ഒരു മെസ്സേജ് ആണ് യുവാക്കളെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് വലിച്ചിറക്കിയത്.

ഈ കോളനിയിലേക്ക് കയറിവരാന്‍ നിരവധി ചെറിയ വഴികളുണ്ട്. അവയെല്ലാം അടച്ചു. രണ്ടു പ്രധാന വഴികള്‍ മാത്രം തുറന്നിട്ടു. അത് തുറന്നിട്ടത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും വേണ്ടിയായിരുന്നു. ആ വഴിയിൽ ഹാൻ്റ് സാനിട്ടൈസറുകള്‍ സ്ഥാപിച്ചു. വീടുകള്‍ക്കും ജംഗ്ഷനുകള്‍ക്കും മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചു. സാമൂഹ്യ അകലം പാലിക്കാനായി കടകള്‍ക്ക് മുന്നില്‍ കയര്‍ കെട്ടി തിരിച്ചു- ഇങ്ങനെ പോകുന്നു ചെങ്കൽച്ചൂള നിവാസികളുടെ പ്രതിരോധ മുന്നൊരുക്കങ്ങൾ. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു കാര്യം. 

 ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടമല്ലേ, അതിനെ ഒറ്റിക്കൊടുക്കാന്‍ പറ്റുമോ? പ്രതിരോധ  പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്ന യുവാക്കളുടെ സംഘത്തിലെ ശരത്ിൻ്റെ ആത്മാർത്ഥമായ ചോദ്യം.  ചോദിക്കുന്നു. 

 ജില്ലയിലെ തീരദേശ പ്രദേശവും കോവിഡ് വ്യാപനം നടന്ന സ്ഥലവുമായ പൂന്തുറയിലും മറ്റും പോയി മത്സ്യം വാങ്ങിയവരെ യുവാക്കൾ ഇടപെട്ട് നിരീക്ഷണത്തിലാക്കി. ഇങ്ങനെ നീരീക്ഷണത്തിൽ പോയവർക്കും അവരുടെ കുടുംബത്തിനുമുള്ള ഭക്ഷണവും മരുന്നുമെല്ലാം യുവാക്കൾ തന്നെ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പ്രായമായവരുടെ മരുന്നു കുറിപ്പടി നോക്കി അവർ മരുന്ന് പുറത്തുപോയി വാങ്ങിക്കൊണ്ടുവരും. എല്ലാ ദിവസവും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വരുന്നുണ്ട്. അവര്‍ക്കെല്ലാം ഈ ഒത്തൊരുമയിൽ വളരെ സന്തോഷമാണ്. മാത്രമല്ല പുറത്തിറങ്ങാതെ ഇരിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കാന്‍ കഴിഞ്ഞ ദിവസം മുതൽ മെക്ക് പ്രചരണവും ആരംഭിച്ചുകഴിഞ്ഞു. 

പ്രതിതോധ പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു പ്രഖ്യാപിക്കുകയാണ് നാട്ടുകാർ. ഇരുപതോളം കടകളാണ് ഇവിടെയുള്ളത്.  അതുകൊണ്ടുതന്നെ ആർക്കും അധികം പുറത്തേക്ക് പോകേണ്ട ആവശ്യം വരുന്നില്ല. പുറത്തുപോയി പച്ചക്കറിയൊക്കെ വാങ്ങുന്ന കടക്കാര്‍ കൃത്യമായി മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. പുറത്തുനിന്ന് ഒരുപാട് കച്ചവടക്കാര്‍ വരുന്ന പ്രദേശമാണിതെങ്കിലും അവർക്കെല്ലാം കോളനിക്ക് അകത്തേക്ക് തത്ക്കാലം പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. 

മാസ്‌ക് വയ്ക്കാത്ത ആളുകളെ ആർക്കും ഈ പ്രദേശത്ത് കാണാന്‍ സാധിക്കില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. പുറത്തുള്ള ബന്ധുക്കളോടും കൂട്ടുകാരോടും കുറച്ചുദിവസത്തേക്ക് ഇങ്ങോട്ടേക്ക് വരണ്ടെന്ന് നിവാസികൾ പറഞ്ഞുകഴിഞ്ഞു. അത് രണ്ടുകൂട്ടരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള മറ്റൊരു പ്രതിരോധം. രാവിലെയും വൈകുന്നേരവും പുറത്തുപോയി ചായ കുടിച്ച് ശീലമായിപ്പോയ പഴമക്കാർക്കു വേണ്ടി ഒരു വീടിന് മുന്നില്‍ ചായയുണ്ടാക്കി വെയ്ക്കുകയാണ് ഇവിടെ. അങ്ങനെയുള്ളവർ അവിടെ വന്നു തിക്കും തിരക്കും കൂട്ടാതെ ചായ കുടിച്ചിട്ട് പോകും. 

ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന നാട്ടുകാർക്കു വേണ്ടി ശരത് ഒരു പ്രധാനകാര്യം കൂടി പറയുന്നുണ്ട്: ഇക്കഴിഞ്ഞ ദിവസം നരഗത്തില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്നവരുടെ തിക്കും തിരക്കും നമ്മള്‍ കണ്ടതാണ്. രോഗം വന്നിട്ട് ഇവിടെ പട്ടാളവും പൊലീസുമൊക്കെ കേറിയിറങ്ങിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ? വിദ്യാഭ്യാസം മാത്രം പോരല്ലോ, സാമാന്യ ബുദ്ധികൂടി പ്രവര്‍ത്തിച്ചാലല്ലേ കാര്യമുള്ളു…

 ഈ വാക്കുകളിൽ ഇന്നത്തെ കേരള സമുഹത്തിൻ്റെ പ്രതിഫലനമുണ്ട്. 

 ഈ കോവിഡ് കാലത്ത് ചെങ്കൽച്ചൂള ഒരത്ഭുതം തന്നെയാണ്. നഗരത്തിലും പരിസരപ്രേശങ്ങളിലും ഉണ്ടാകുന്ന ക്രിമനില്‍ കേസുകളുടെ പേരില്‍ കുറ്റപ്പെടുത്തിയും പരിഹസിച്ചും മാറ്റിനിര്‍ത്തിയൊരു ഭൂതകാലമുണ്ടായിരുന്നവർ ഇന്ന് മാതൃക കാട്ടിക്കൊടുക്കുകയാണ്, ആ പരിഹസിച്ചവർക്ക്. അവഗണനകളോട് പൊരുതി കയറിവന്നൊരു ജനതയാണവർ. ചങ്കുറപ്പും മനസ്സുറപ്പുമുള്ളവർ. കൊറോണയല്ല അതിലും വലുത് വന്നാലും അവർ തോറ്റുകൊടുക്കില്ല.