പട്ടാമ്പിയിൽ അതീവ ജാഗ്രത; സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപ്പിഡ് ടെസ്റ്റ് നടത്താൻ നടപടി: മന്ത്രി എ കെ ബാലൻ

single-img
18 July 2020

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ഒരു കോവിഡ് പോസിറ്റീവ് കേസ് തിരിച്ചറിഞ്ഞതിനെ തുടർന്നുണ്ടായ രോഗബാധിതരെയെല്ലാം ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപ്പിഡ് പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി എ കെ ബാലൻ അറിയിച്ചു.

ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. സ്ഥിതി ഗുരുതരമാണെന്നുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് .അതുകൊണ്ട് തന്നെ ജനങ്ങൾ അതീവജാഗ്രത പാലിക്കാനും മന്ത്രി മുന്നറിയിപ്പ് നൽകി. പട്ടാമ്പിയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കണം. മത്സ്യമാർക്കറ്റിലെ ഒരു കേസാണ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് മനസിലാക്കാൻ സാധിച്ചത്. അതുകൊണ്ട് മത്സ്യമാർക്കറ്റുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളിൽ അടിയന്തരമായി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനമൊരുക്കും.

മുൻപ് പാലിച്ച നിബന്ധനകളും നിർദ്ദേശങ്ങളും പൊതുജനങ്ങൾ അക്ഷരംപ്രതി പാലിക്കുക. രോഗം വ്യാപിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തുക. സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപിഡ് ടെസ്റ്റ് നടത്തും. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ടെസ്റ്റ് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടാമ്പിയിൽ തന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിനുള്ള സൗകര്യം ഉണ്ടോയെന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ജില്ലയിലെ മറ്റ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ രോഗബാധിതരെ പ്രവേശിപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി എ കെ ബാലൻ അറിയിച്ചിട്ടുണ്ട്.