ബ്ലെെഡ് കൊണ്ടു കെെമുറിച്ച ശേഷം അതു വിഴുങ്ങി: താൻ രാജ്യദ്രോഹം ചെയ്തിട്ടില്ലെന്നു ജയഘോഷ്

single-img
17 July 2020

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, കൈഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പൊലീസ്. ബ്ലെയ്ഡ് കൊണ്ട് കൈ ഞരമ്പു മുറിച്ച ശേഷം ബ്ലെയ്ഡ് വിഴുങ്ങിയതായി ജയഘോഷ് പറഞ്ഞെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് നിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ജയഘോഷ് വിളിച്ചു പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ല, സ്വര്‍ണക്കടത്തിനു കൂട്ടുനിന്നിട്ടില്ല എന്നായിരുന്നു ജയഘോഷിന്റെ വാക്കുകള്‍.

ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുളള അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുളള പറമ്പില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയത്. റോഡിലൂടെ നടന്നുവന്ന രണ്ടുപേരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.