ടിക് ടോക് ആപ്പ് ആളെകൊല്ലി; നിരോധിക്കണം എന്ന ആവശ്യവുമായി പാകിസ്താനിൽ കോടതിയിൽ ഹർജി

single-img
16 July 2020

ചൈനീസ് കമ്പനിയുടെ സോഷ്യൽ മീഡിയാ ആപ്പായ ടിക് ടോക് ഉടൻ തന്നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ ഹർജി. പാകിസ്താനിൽ നിന്നുള്ള മാധ്യമമായ ദി ഡോൺ റിപ്പോര്‍ട്ട് പ്രകാരം. പേര് വെളിപ്പെടുത്താത്ത ഒരു പാകിസ്താൻ പൗരനുവേണ്ടി അഭിഭാഷകൻ നദീം സർവർ ആണ് കോടതിയിൽ ഈ അപേക്ഷ നൽകിയിരിക്കുന്നത്. ഈ ആപ്പ് ഒരു ആളെകൊല്ലിയാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

ഇതേവരെ ടിക് ടോക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ പത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അതേപോലെ തന്നെ ടിക് ടോക് ഉപയോഗിച്ച് പ്രശസ്തിക്കും റേറ്റിങ്ങിനും വേണ്ടി അശ്ലീലം പ്രചരിപ്പിക്കുന്നതായും ഒരു ആരോപണമുണ്ട്.

അടുത്ത കാലത്തായി ടിക് ടോക്കിൽ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് ഹര്‍ജിയില്‍ പറയുന്നു. ഇതിന് സമാനമായി ടിക്ടോക്കിലെ അശ്ലീല വിഡിയോകൾ യുവാക്കളെ വഴിതെറ്റിക്കുന്നു ഇതിന് നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെടുന്ന കേസുകള്‍ ബംഗ്ലാദേശിലും മലേഷ്യയിലും നിലവിൽ ഉള്ളതാണ്.