‘അവളെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു’; ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഫാ. റോബിന്‍ ഹൈക്കോടതിയില്‍

single-img
16 July 2020

കൊട്ടിയൂരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണെന്നറിയിച്ച് കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍. അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഫാ. റോബിന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഫാ. റോബിൻ പറയുന്നു. 

കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി 20 വര്‍ഷം തടവിനു ശിക്ഷിച്ച ഫാ. റോബിന്‍ മൂന്നുവര്‍ഷമായി ജയിലിലാണ്. ഇതിനിടയിലാണ് വിവാഹ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം തേടിയുള്ള ഹര്‍ജി നേരത്തേതന്നെ ഹൈക്കോടതിയിലുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഉപഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ ഇതിനെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ അയല്‍സംസ്ഥാനത്ത് പഠിക്കുകയാണ്. പുരോഹിതന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കുഞ്ഞ് അനാഥാലയത്തിലാണു വളരുന്നത്. വിവാഹത്തെക്കുറിച്ച് പെണ്‍കുട്ടിയോ വീട്ടുകാരോ അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി 24നു പരിഗണിക്കാന്‍ മാറ്റി.