തൃശൂർ ഫ്ലാറ്റ് കൊലപാതകം : റഷീദ് അടക്കം 5 പേർ കുറ്റക്കാർ

single-img
11 July 2020

തൃശൂർ അയ്യന്തോളിൽ പഞ്ചിക്കൽ ഫ്ലാറ്റ് കൊലപാതകത്തിൽ അഞ്ചു പ്രതികൾ കുറ്റക്കാരെന്ന് കോടതി.കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികളായ അയ്യന്തോൾ പ‍ഞ്ചിക്കൽ ഫ്ലാറ്റ് കൊലപാതകക്കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് റഷീദ് അടക്കം 5 പേർ കുറ്റക്കാരെന്നു തൃശൂർ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.

ഒന്നാം പ്രതി മറ്റത്തൂർ വാസുപുരം മാങ്ങാറിൽ കൃഷ്ണപ്രസാദ് (32), രണ്ടാംപ്രതി കൊടകര വെട്ടിക്കൽ വാസുപുരം റഷീദ് (40), ഇയാളുടെ കാമുകി ഗുരുവായൂർ വല്ലശ്ശേരി തൈക്കാട് വീട്ടിൽ ശാശ്വതി (36), ഡ്രൈവർ വട്ടേക്കാട് കനകമല കാണിയത്തു വീട്ടിൽ രതീഷ് (32), സഹായി സുജീഷ് എന്നിവർ‌ക്കെതിരെ 13ന് ശിക്ഷ വിധിക്കും. കേസിലെ പ്രതിയായിരുന്ന കെപിസിസി മുൻ സെക്രട്ടറി എം ആർ രാംദാസിനെ വെറുതെ വിട്ടു.

കുറ്റക്കാർക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രസ്താവിക്കും. ഷൊർണൂർ സ്വദേശി സതീശനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൃ​ഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2016 മാർച്ച് 3 ന് ആയിരുന്നു കൊലപാതകം. പുതുക്കാട് സ്വദേശി മുൻ യൂത്ത് കോൺഗ്രസ് നേതാവ് റഷീദ് ആണ് കേസിലെ മുഖ്യപ്രതി.
ഒന്നും രണ്ടും മൂന്നും പ്രതികൾക്കെതിരെ കോടതി കൊലപാതകക്കുറ്റം ചുമത്തി. പ്രതികളെ രക്ഷപ്പെടാനും തെളിവു നശിപ്പിക്കാനും സഹായിച്ചു എന്നതാണ് നാലും അഞ്ചും പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നു കുറ്റം.

കുഴൽപ്പണമിടപാടുള്ള റഷീദിന്റെ ബിസിനസ് രഹസ്യങ്ങൾ ചോർത്തിയെന്നു സംശയിച്ചു തുടങ്ങിയ മർദനം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.