‘പി നൾ’ രക്തം വേണ്ടിവന്നില്ല; കുഞ്ഞ് അനുഷ്കയുടെ ശസ്ത്രക്രിയ വിജയകരം

single-img
11 July 2020

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് തലക്ക് പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്ന അനുഷ്‌കയെന്ന അഞ്ചുവയസ്സുകാരി രക്തത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. കാരണം കുഞ്ഞ് അനുഷ്‌കയുടെ രക്ത ഗ്രൂപ്പ് അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ‘പി നള്‍ ഫെനോടൈപ്പ്’ എന്നറിയപ്പെടുന്ന അത്യപൂര്‍വ രക്തഗ്രൂപ്പാണ് . എന്നാൽ മറ്റൊരാളുടെ രക്തം സ്വീകരിക്കാതെ തന്നെ ശസ്ത്രക്രിയയെ അതിജീവിച്ചിരിക്കുകയാണ് അനുഷ്ക.

’പി നൾ’ എന്ന അത്യഅപൂർവ രക്തഗ്രൂപ്പുമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് അനുഷ്കയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. അനുഷ്കയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക് സർജറി ചെയർമാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ അറിയിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. വളരെ ഗുരുതരമായ ശസ്ത്രക്രിയയാണ് നടന്നതെന്നും, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ പറഞ്ഞു. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അനുഷ്ക. ഗുജറാത്തിൽ വെച്ച് 2019 ജൂലായിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്നു വീണ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഭക്ഷണത്തിലൂടെ രക്തത്തിലെ അളവ് കൂട്ടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെപിടിച്ചത്.

ഗുജറാത്തിലെ ആശുപത്രിയിൽ ആയിരുന്നു ചികിത്സിച്ചിരുന്നത്. എന്നാൽ പിന്നീട് അണുബാധയുണ്ടായതിനെ തുടർന്ന് ഏപ്രിൽ 23-ന് കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ’പി നൾ’ രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.