ഈ കോവിഡ് കാലത്ത്‌ വാളയാറിൽ വീണ്ടും കുഴല്‍പണ വേട്ട

single-img
11 July 2020

സംസ്ഥാന അതിര്‍ത്തിയില്‍ വീണ്ടും കുഴല്‍പണ വേട്ട. വാളയാര്‍ പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയില്‍ പിക്കപ്പ് വാനില്‍ പച്ചക്കറികളോടൊപ്പം രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശികളായ സമ്പത്ത് കുമാര്‍ (46), ബാലമുരുകഗുരുസാമി (40) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്കാണു പണം കൊണ്ടുപോയതെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. പിടിയിലായ ഇരുവരും ഇടനിലക്കാര്‍ മാത്രമാണ്. ആരാണ് ഇവര്‍ക്ക് പണം കൈമാറിയതെന്നും ആര്‍ക്കാണു കൊണ്ടുപോയിരുന്നതെന്നുമുള്ള വിവരങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാക്കാ കഴിയൂ എന്നു പൊലീസ് അറിയിച്ചത്.

പണം കോയമ്പത്തൂര്‍ വിമാനത്താവളം വഴിയെത്തിച്ചതാകാമെന്നും സംശയിക്കുന്നു. തൃശൂരിലേക്കുള്ള പച്ചക്കറിയെന്ന വ്യാജേനയാണ് പണം കടത്തിയത്. വാഹനത്തില്‍ പച്ചക്കറിക്കു പകരം കാലിപ്പെട്ടികള്‍ മാത്രമാനുണ്ടായിരുന്നത്. സംശയം തോന്നി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ മുന്‍വശത്തെ സീറ്റിനടിയിലും പ്രതികളുടെ ജാക്കറ്റിനുള്ളിലുമായി പണം കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ 62 കെട്ടും 2000 രൂപയുടെ 7 കെട്ടുമാണ് ഉണ്ടായിരുന്നത്.

ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും കേസ് അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. ഡിവൈഎസ് പി മനോജ്കുമാര്‍, വാളയാര്‍ സിഐ ലിബി, എഎസ്‌ഐ ജയകുമാര്‍, വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വാളയാര്‍ ടോള്‍പ്ലാസയ്ക്കു സമീപം നടന്ന സംയുക്ത പരിശോധനയില്‍ 1.75 കോടി രൂപ പിടികൂടിയിരുന്നു.

കുഴല്‍പ്പണക്കേസുകളില്‍ കാര്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതുമൂലം ഈരംഗത്തു കുറ്റകൃത്യങ്ങള്‍ പെരുകുന്നു. അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് കോടതിയില്‍നിന്നു ജാമ്യം ലഭിക്കുകയും, പൊതുവെ തടവു ശിക്ഷ ലഭിക്കാറുമില്ല എന്നതും, ആദായനികുതി വകുപ്പിനോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ കൈമാറിയാലും പലരും രേഖകള്‍ സംഘടിപ്പിച്ച് പണം തിരികെ വാങ്ങുകയും ചെയ്യുന്നതാണ് പതിവ്.

പണം കൊണ്ടുപോകുന്ന വ്യക്തിയും സ്വീകരിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ ബന്ധം ഉണ്ടാകില്ല. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് പൊലീസിന് പ്രതികളെ ചോദ്യം ചെയ്യാന്‍ മതിയായ സമയം ലഭിക്കുകയും ഇല്ല. കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്കു ജാമ്യം ലഭിക്കും. പണം കോടതി മുഖേന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ ആദായനികുതി വകുപ്പിനോ കൈമാറും. ഇവരുടെ അന്വേഷണത്തില്‍ പണം രേഖകളില്ലാതെ കണ്ടെത്തിയതാണെങ്കില്‍ സര്‍ക്കാരിലേക്കു
കണ്ടുകെട്ടാം.എന്നാല്‍ മിക്കവാറും ഉടമകള്‍ തന്നെ ഏതെങ്കിലും തരത്തില്‍ രേഖകള്‍ സംഘടിപ്പിക്കുകയും നികുതിയടച്ച ശേഷം പണം തിരികെ വാങ്ങുകയുമാണു പതിവ്. പണം കടത്തിയ വ്യക്തിക്കെതിരെ പിന്നീടു നടപടികള്‍ ഉണ്ടാവുകയുമില്ല.

കോവിഡ് വ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതില്‍ കള്ളപ്പണം ഒഴുകുന്നതായാണു പൊലീസിനു ലഭിച്ച വിവരം. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുന്നവര്‍ക്കു പലിശയ്ക്കു കൊടുക്കുന്നതിനാണ് കാര്യമായും പണം എത്തിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ വിശദ പരിശോധന ഇല്ലെന്നതും പിടികൂടിയാലും വലിയ തോതില്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്നതുമാണ് പണം കടത്തലിനു പ്രേരണയാകുന്നത്