ബിജെപി ഭരണത്തില്‍ ഉത്തര്‍പ്രദേശ്‌ ‘അപരാധ് പ്രദേശാ’യി മാറി: പ്രിയങ്കാ ഗാന്ധി

single-img
10 July 2020

യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ അപരാധ് പ്രദേശ് അഥവാ കുറ്റങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കൊല്ലപ്പെട്ട വികാസ് ദുബെയെപ്പോലുള്ള ക്രിമിനലുകള്‍ വിളയാടുകയാണെന്നും ബിജെപിയുടെ കീഴിലുള്ള ഭരണത്തില്‍ സംസ്ഥാനം അപരാധ് പ്രദേശായി മാറിയെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയായ ട്വിറ്റര്‍ വീഡിയോയിലൂടെയിരുന്നു പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്തെ കാണ്‍പൂരില്‍ കഴിഞ്ഞ ആഴ്ചയില്‍ ഗുണ്ടാസംഘം പോലീസുകാരെ കൊലപ്പെടുത്തിയതും തുടര്‍ന്നുണ്ടായ എന്‍കൗണ്ടറുകളില്‍ പ്രധാന പ്രതി വികാസ് ദുബെ അടക്കം കൊല്ലപ്പെട്ടതും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

കാണ്‍പൂരില്‍ നടന്ന സംഭവങ്ങളിലെ വസ്തുത പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തെ ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവരാതെ നീതി നടപ്പാകില്ലെന്നും പ്രിയങ്ക പറഞ്ഞു.