കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് മാസ്ക് ധരിക്കാതെ എംഎൽഎയ്ക്ക് എതിരെ യുത്ത് കോൺഗ്രസ് മാർച്ച്: അതേ കുറ്റത്തിന് മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ കേസ്

single-img
9 July 2020

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലനെതിരെ പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺ​ഗ്രസ്. എന്നാൽ അതേ കുറ്റത്തിന് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.  കണ്ടെയ്ൻമെന്റ് സോണിലെ താമസക്കാരനായ ആൻസലൻ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതു പരിപാടികളിൽ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതിഷേധക്കാർ എത്തിയത്. 

എന്നാൽ അവർ എന്തിനെതിരെ പ്രതിഷേധിച്ചാണോ മാർച്ച് നടത്തിയത് അതേ കുറ്റത്തിന് തന്നെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ആൻസലൻ എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. വഴിയിൽ തടഞ്ഞ പൊലീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ മാർച്ചിൽ പങ്കെടുത്ത നേതാക്കളിൽ ചിലർക്ക് എതിരെ കേസെടുക്കുകയായിരുന്നു. 

മാസ്ക് പോലും ധരിക്കാതെയായിരുന്നു നേതാക്കളുടെ പ്രതിഷേധം. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും നഗരത്തിൽ മാർച്ചും, പ്രകടനങ്ങളും നിരോധിച്ചിരിക്കെ മാർച്ച് നടത്തിയതിനുമാണ് കേസെന്ന് പൊലീസ് പറഞ്ഞു.

കണ്ടെയ്ൻമെന്റ് സോണിലെ രോഗിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അറിഞ്ഞ ശേഷമാണ് ചില അത്യാവശ്യ പരിപാടികളിൽ പങ്കെടുക്കാൻ പുറത്തു പോയതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെന്നും തനിക്കെതിരെയുള്ള പ്രചാരണം ശരിയല്ലെന്നും കെ.ആൻസലൻ എംഎൽഎ അറിയിച്ചു.