കാറുകൾ ഉപയോഗിക്കാത്ത ഒരു ദ്വീപ്; ലോകത്തിലെ ഏറ്റവും ചെറിയ ജയിലും ഇവിടെയാണ്

single-img
9 July 2020

കേവലം 2.1 സ്ക്വയർ മൈൽ മാത്രം വിസ്തൃതിയില്‍ കാണപ്പെടുന്ന മനോഹരമായ ഒരു കുഞ്ഞൻ ദ്വീപാണ് സാർക്. ഫ്രാൻസിന്‍റെ നോർമാൻഡി തീരത്തിന് സമീപം ഇംഗ്ലീഷ് ചാനലിന് തെക്ക് പടിഞ്ഞാറായാണ് ബ്രിട്ടന്റെ കീഴിലുള്ള ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.

നിലവില്‍ ഏകദേശം 500 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. വളരെയധികം പ്രത്യേകതകളുള്ള ഈ ചെറു ദ്വീപിലെ മുഖ്യ ആകർഷണ കേന്ദ്രം ഒരുജയിലാണ്. ദ്വീപിന്‍റെ വലിപ്പം പോലെ തന്നെ തടവറയും തീരെ ചെറുതാണ്. ലോകത്ത് ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും ചെറിയ ജയിലാണ് സാർക് ഐലൻഡ് പ്രിസൺ എന്നറിയപ്പെടുന്ന ഈ ജയില്‍.

ഒറ്റ ജനാലകൾ പോലും ഇല്ലാത്ത രണ്ട് സെല്ലുകളും അവയെ പരസ്പരം ബന്ധിക്കുന്ന ഒരു ഇടനാഴിയും മാത്രമാണ് ഈ ജയിലിലുള്ളത്. തടിയാല്‍ നിര്‍മ്മിച്ച ഒരു ചെറിയ കട്ടിലും കനം കുറഞ്ഞ മെത്തയും ഇരു സെല്ലുകൾക്കുമുള്ളില്‍ കാണാം. 1856ലായിരുന്നു ഇവിടെ ഈ ജയിൽ പണികഴിപ്പിച്ചത്. വെറും രണ്ട് ദിവസം മാത്രമാണ് ഇവിടെ കുറ്റവാളികളെ പാർപ്പിക്കുക. കൂടുതല്‍ ഗുരുതരമായ കുറ്റമാണെങ്കിൽ ഇവിടെ നിന്നും തൊട്ടടുത്ത ഗ്വെൺസെയ് ദ്വീപിലെ ജയിലിലേക്ക് തടവുകാരെ മാറ്റുകയാണ് പതിവ്.

വീട്ടു ജോലിക്കിടെ ജോലിയ്ക്ക് നിന്ന വീട്ടിലെ സ്ത്രീയുടെ തൂവാല മോഷ്ടിച്ച കുറ്റത്തിന് ഒരു പെൺകുട്ടിയെ ആണ് ആദ്യമായി ഇവിടെ തടവിൽ പാർപ്പിച്ചതെന്ന് പറയപ്പെടുന്നു. ആ സമയം ഈ ചെറിയ തടവറയിലെ ഇരുട്ടിൽ മൂന്ന് ദിവസമാണ് പെൺകുട്ടി കഴിഞ്ഞത്. 1990ൽ ഫ്രാന്‍സിലെ അണുകേന്ദ്ര വിജ്ഞാന ഗവേഷകനായ ആൻഡ്രെ ഗാർഡെസ് എന്നയാൾ ഫ്രാൻസിൽ നിന്നും ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഈ ദ്വീപിലേക്കെത്തുകയും ഇവിടുത്തെ താമസക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സാർക് ദ്വീപില്‍ അധിപൻ താനാണെന്നും ഇനിയുള്ള കാലം ജനങ്ങൾ തന്നെ അനുസരിച്ച് ജീവിക്കണമെന്നും ആൻഡ്രെ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആൻഡ്രെയുടെ മുഖത്തിനിട്ട് സാർക് ദ്വീപിലെ ഒരു പോലീസുകാരൻ ഇടിച്ചിരുന്നു. പിന്നീട് ആൻഡ്രെയെ അറസ്റ്റ് ചെയ്ത് ഈ ജയിലാക്കി. ഇതായിരുന്നു ഇവിടെ അവസാനമായി നടന്ന ഏറ്റവും വലിയ കുറ്റകൃത്യം. നിലവില്‍ ദ്വീപിൽ ഒരു കോൺസ്റ്റബിളും ഒരു അസിസ്റ്റന്റ് കോൺസ്റ്റബിളും- ആയി രണ്ട് പോലീസുകാർ മാത്രമാണുള്ളത്. പ്രധാനമായും പെപ്പർ സ്പ്രേയാണ് പോലീസുകാരുടെ ആയുധം.

ജനങ്ങള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ദ്വീപിലേറെയും ഉണ്ടാവുന്നത്. ഈ ദ്വീപിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവിടെ കാറുകൾ ഉപയോഗിക്കില്ല എന്നതാണ്. കാറുകള്‍ക്ക് പകരം കുതിര വണ്ടി, സൈക്കിൾ, ട്രാക്ടർ എന്നിവയാണ് ഉപയോഗിക്കുന്നത്.