സ്വപ്ന ഉപയോഗിച്ചിരുന്നത് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ്

single-img
7 July 2020

വിമാനത്താവള സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയയായ ഐടി വകുപ്പിലെ കരാര്‍ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.  സര്‍ക്കാരിന്റെ അറിവോടെയാണോ ഇവര്‍ ഔദ്യോഗിക മുദ്രയുള്ള കാര്‍ഡ് ഉപയോഗിച്ചതെന്നു വ്യക്തമല്ലെന്നും അന്വേഷണ ഉദ്യേഗസ്ഥർ വ്യക്തമാക്കി. 

2018 ല്‍ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്‌ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്. ഐ ടി മേഖലയില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

ഇവിടെയെത്തി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചുതുടങ്ങി. ഐ ടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതര്‍ക്കൊപ്പം പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.