ഇനി ഒരു വർഷം വരെ മാസ്ക് ധരിക്കണം: ലംഘിച്ചാൽ 10,000 രൂപ പിഴ

single-img
6 July 2020

പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപന പ്രകാരം മാസ്ക് നിർബന്ധമാക്കി സംസ്ഥാനസർക്കാർ പുറത്തിറങ്ങി.  പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്ക് ധരിക്കണം എന്നാണ് നിർദേശം. ഒരു വര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറക്കുന്നത്‌ വരെയോ ആണ് ഇത് പാലിക്കേണ്ടത്.

സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. പൊതു സ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

നിയമംലംഘിച്ചാൽ 10000 രൂപ വരെ പിഴയും രണ്ടു വർഷംവരെ തടവും ലഭിക്കാം. ഒരുവർഷമോ അടുത്ത വിജ്ഞാപനം പുറത്തിറങ്ങുന്നതുവരെയോ ആണ്‌ നിയമത്തിന്റെ കാലാവധി. അന്തർ സംസ്ഥാന -പൊതു–-സ്വകാര്യ ബസ്‌ സർവീസിന്‌ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.

രേഖാമൂലമുള്ള അനുമതിയില്ലാതെ സമരം, ഘോഷയാത്ര, ധര്‍ണ എന്നിവ പാടില്ല. പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം.

വിവാഹചടങ്ങില്‍ ഒരുസമയം 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പാക്കണം. സംസ്‌കാര ചടങ്ങില്‍ പരമാവധി 20 ആളുകളേ പങ്കെടുക്കാവു എന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.