കർശന നടപടികളുമായി സർക്കാർ: ചമ്പക്കര മാർക്കറ്റിൽ മിന്നൽ പരിശോധന, മാസ്ക് ധരിക്കാത്തവരെ കസ്റ്റഡിയിലെടുത്തു

single-img
4 July 2020

എറണാകുളം ജില്ലയിൽ ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോ​ഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന നടന്നു. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന നടത്തിയത്.  സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് പരിശോധന. 

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. 

രോ​ഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രം​ഗത്തെത്തിയത്. മാനദ​ണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കട അടപ്പിച്ചു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു. 

കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോർട്ടീന അടക്കാൻ തീരുമാനിച്ചത്.