ആശുപത്രിയില്‍ ബില്ലടച്ചില്ല; രോഗിയെ ജീവനക്കാര്‍ അടിച്ചു കൊന്നു

single-img
3 July 2020

അലിഗഡ്: ആശുപത്രിയിൽ ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ രോഗിയെ അടിച്ചുകൊന്നതായി പരാതി. നാല്‍പത്തിനാലുകാരനായ സുല്‍ത്താന്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ അലിഗഡ് ജില്ലയിലെ ഇഗ്ലാസ് സ്വദേശിയാണ്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഖാനോടും കുടുംബത്തോടും വളരെ ക്രൂരമായാണ് ജീവനക്കാര്‍ പെരുമാറിയതെന്ന് പറയുന്നു. ചികിത്സയ്ക്കാവശ്യമായ തുകയില്ലാത്തതിനാല അവര്‍ തിരിച്ചു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. മടങ്ങിപ്പോകും വഴി ആശുപത്രി ജീവനക്കാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

ഡോക്ടര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കാനിംഗ് നടത്താതെ തന്നെ ഇവര്‍ നാലായിരം രൂപ ബില്ലടയ്ക്കാന്‍ ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടുവെന്നാണ് ഖാന്റെ ബന്ധുക്കള്‍ പറയുന്നത്. ബില്ല് അനുസരിച്ച് അടക്കേണ്ടിയിരുന്ന 3,783 രൂപ നല്‍കിയെന്നും എന്നാല്‍ ആശുപത്രി സന്ദര്‍ശിച്ചതിന് 4000 രൂപ കൂടി ആവശ്യപ്പെട്ടുവെന്നും ഖാന്റെ ബന്ധു പറഞ്ഞു. ഗുരുതരമായി അടിയേറ്റാണ് ഖാന്‍ മരിച്ചതെന്ന് ബന്ധുക്കളിലൊരാളായ ചാമന്‍ പറഞ്ഞു.

പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുറിവുകളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു.