കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 13 പേര്‍ക്ക്

single-img
1 July 2020

കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 131 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ ഡോക്ടേഴ്‌സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. ഇന്ന് 13 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. വിവിധ രാജ്യങ്ങളില്‍ ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചു. പക്ഷെ സംസ്ഥാനത്തില്‍ സമ്പർക്കവും മരണവും വലുതായി വർദ്ധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും- മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ തന്നെ സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. മുന്‍പ് തുടർച്ചയായി രണ്ട് തവണ കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയിൽ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ.

നിലവില്‍ ഉണ്ടായിരുന്ന ഈ ചട്ടം മാറ്റി, ഒരു തവണ കോവിഡ് നെഗറ്റീവായാൽത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. അതിന് ശേഷം ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. പിന്നീട് എന്തെങ്കിലും തരത്തിൽ അസുഖം മൂർച്ഛിക്കുന്ന സ്ഥിതി വന്നാൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.