പഴങ്ങൾ കൊടുത്താൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങാം; കാർഷിക സർവകലാശാലയുടെ പദ്ധതിക്ക് ആവശ്യക്കാര്‍ കൂടുന്നു

single-img
1 July 2020

തൃശൂരില്‍ കാർഷിക സർവകലാശാലയുടെ ഭക്ഷ്യ സംസ്‌കരണശാലയിൽ പഴങ്ങൾ കൊണ്ടുവന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കുന്ന പദ്ധതിക്ക് ആവശ്യക്കാരേറെ. ജനങ്ങൾ എത്തിക്കുന്ന ഭക്ഷ്യ ഇനങ്ങൾ സംസ്‌കരിച്ച് നൽകുകയാണ് ഇവിടെ. ചക്ക, മാമ്പഴം, ഇഞ്ചി, ജാതിതൊണ്ട്, നേന്ത്രക്കായ, ചെറുപഴം തുടങ്ങിയ ഭക്ഷ്യ ഇന ങ്ങളിൽ നിന്നുമാണ് അവയുടെ മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നത്.

സർവകലാശാലയുടെ കോമൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഭാഗമാണ് ഈ ഭക്ഷ്യ സംസ്‌കരണശാല. പഴമോ പച്ചക്കറിയോ ഇവിടെ എത്തിക്കാം. ഇതിൽ നിന്നും എന്തെല്ലാം ഇനങ്ങളാണ് വേണ്ടതെന്ന് അറിയിക്കുക. ഇവ തയ്യാറാക്കുന്നതിന് വേണ്ട ചേരുവകളുടെ വിലയും കൂലിയും മാത്രം നൽകിയാൽ മതി.

സാധാരണയായി പഴങ്ങളുടെയും പച്ചക്കറികളുടെയും സീസണുകളിൽ ഉത്പാദനം കൂടുതലാവുന്ന സാഹചര്യത്തിൽ കൂടുതലായി വിപണിയിലേക്ക് എത്തുകയും കർഷകർക്ക് വേണ്ടത്ര വില ലഭിക്കാതെ വരികയും ചെയ്യാറുണ്ട്. ഇവ കൂടുതൽ കാലം സംഭരിച്ചുവയ്ക്കാൻ സാധിക്കാത്തതിനാൽ ഇതിന് പരിഹാരം എന്ന രീതിയിലാണ് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുക എന്ന ആശയം ഉടലെടുത്തത്.

മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കാനുള്ള നൈപുണ്യം, അതിനാവശ്യമുള്ള യന്ത്ര സംവിധാനങ്ങൾക്കുള്ള വൻ മുതൽമുടക്ക് എന്നിവ കർഷകർക്ക് മേൽ ഒരു ഭാരമായി വരാതെ അവരെ സഹായിക്കുക എന്ന ലക്ഷ്യം ഈ ഭക്ഷ്യ സംസ്‌കരണ ശാലയെ കോമൺ ഫെസിലിറ്റി സെന്ററാക്കി മാറ്റാനുള്ള കാരണമായി. കുറഞ്ഞത് പത്ത് കിലോഗ്രാമെങ്കിലും പഴം / പച്ചക്കറി ഉപഭോക്താവ് കൊണ്ടുവരേണ്ടതാണ്. കർഷകർക്ക് താൽപര്യമുള്ള ഉൽപ്പന്നമോ, അസംസ്‌കൃത വസ്തുവിന്റെ ഗുണനിലവാരം അനുസരിച്ചുള്ള വിപണന സാധ്യതയുള്ള ഏതെങ്കിലും ഉൽപന്നമോ ആയി തയ്യാറാക്കി നൽകുന്നു.

മുൻഗണനാക്രമം അനുസരിച്ചാണ് ഉപഭോക്താക്കളുടെ പഴം പച്ചക്കറികൾ സംസ്‌കരണത്തിനായി സ്വീകരിക്കുന്നത്. ഉപഭോക്താക്കൾ കൊണ്ടുവരുന്ന പഴം പച്ചക്കറികളിൽ ഉണ്ടാകുന്ന കേടുപാടുകൾ, സംസ്‌കരണ വിധേയമല്ലാത്ത ഭാഗങ്ങൾ എന്നിവ നീക്കം ചെയ്തതിനുശേഷം സംസ്‌കരണത്തിന് അനുയോജ്യമായ ഭാഗങ്ങൾ മാത്രമേ ഉൽപ്പന്ന നിർമ്മാണത്തിന് സ്വീകരിക്കുകയുള്ളൂ. മൂല്യവർദ്ധിത ഉൽപ്പന്നം പാക്ക് ചെയ്യാനുള്ള വസ്തുക്കൾ കർഷകർ നൽകിയാൽ അതിൽ പാക്ക് ചെയ്തു നൽകുന്നു. ഉൽപ്പന്നത്തിന്റെ വിപണന ചുമതല ഉടമസ്ഥനായിരിക്കും.