ചൈനീസ് കടന്നുകയറ്റത്തിനെതിരെ നടപടിയും പാവപ്പെട്ടവർക്ക് പണം എത്തിക്കുന്നതിനെക്കുറിച്ചും സംസാരിക്കൂ; പ്രധാനമന്ത്രിയോട് രാഹുല്‍

single-img
30 June 2020

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന നടത്തിയ കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ഇതോടൊപ്പം രാജ്യത്തെ പാവപ്പെട്ടവർക്ക് പണം എത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് രാഹുല്‍ ട്വീറ്റിലൂടെ ആവശ്യം ഉയര്‍ത്തി. നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയും ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുകയുമാണെന്ന് രാഹുൽ മുന്‍പേ ആരോപിച്ചിരുന്നു.

ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചതിന്‍റെ പിന്നാലെയായിരുന്നു രാഹുലിന്റെ ആ പ്രസ്താവന. ഇവിടെ രേഖകൾ നുണ പറയില്ല, ബിജെപി രാജ്യത്ത് പറയുന്നത് മെയ്ക്ക് ഇൻ ഇന്ത്യ എന്ന്. പ്രവർത്തിക്കുന്നതോ. ചൈനയിൽ നിന്ന് വാങ്ങൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

ഇതോടൊപ്പം മുന്‍പുണ്ടായിരുന്ന യുപിഎ സർക്കാരിന്റെ കാലത്തും മോദി സർക്കാരിന്റെ കാലത്തും ഇന്ത്യ ചൈനയിൽ നിന്ന് നടത്തിയ ഇറക്കുമതികളുടെ കണക്കുകൾ ഉൾപ്പെടുത്തിയ ​ഗ്രാഫും രാഹുൽ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതിന് ശേഷമാണ് ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യം ഉയര്‍ത്തിയത്.