ഇന്ത്യന്‍ നയതന്ത്ര പരാജയങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട ആറുവര്‍ഷങ്ങള്‍; കേന്ദ്ര സര്‍ക്കാരിനെതിരെ കപില്‍ സിബല്‍

single-img
27 June 2020

ഇന്ത്യ അതിന്റെ നയതന്ത്ര പരാജയങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട ആറുവര്‍ഷങ്ങളാണ് മോദിയുടെ കീഴിലുണ്ടായിരുന്നതെന്ന് വിമർശനവുമായി അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ഇന്ത്യ- ചൈന വിഷയത്തിൽഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറിയതില്‍ മോദി പരസ്യമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ എല്‍എസിയില്‍ ഇപ്പോഴുള്ള പ്രതിസന്ധി നീക്കണം. ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണം,’ കപില്‍ സിബല്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തേക്ക് ഏതു തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് മോദി രാജ്യത്തെ ജനതയ്ക്ക് ഉറപ്പു നല്‍കണമെന്നും അങ്ങിനെ സമീപനമുണ്ടായാല്‍ രാജ്യവും പ്രതിപക്ഷം മുഴുവനും മോദിക്കൊപ്പം നില്‍ക്കുമെന്നും ഇന്ന് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ കപില്‍ സിബല്‍ പറഞ്ഞു.

നിലവിലെ അതിര്‍ത്തി പ്രതിസന്ധി മറികടക്കുന്നതിന് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉപരോധമേര്‍പ്പെടുത്തുന്ന നടപടിയില്‍ അദ്ദേഹം മോദിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.