ഞാനൊരു കേന്ദ്ര മന്ത്രിയാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം: വി മുരളീധരൻ

single-img
26 June 2020

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുരളീധരന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. ചിലര്‍ പറയുന്നപോലെ എല്ലാക്കാര്യവും എനിക്ക് അറിയാമെന്ന് പറയുന്നില്ല. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തില്‍ നടക്കുന്ന കുറച്ചുകാര്യങ്ങളെങ്കിലും തനിക്ക് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടം കേരള സര്‍ക്കാര്‍ പി ആര്‍ വര്‍ക്കായി ഉപയോഗിക്കുകയാണ്. യുഎന്‍ വെബിനാര്‍ പോലും പി ആര്‍ വര്‍ക്കിനായി ഉപയോഗിച്ചു. ഇത് ശരിയായ നടപടിയല്ല. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് താന്‍ ഇന്ന് രണ്ട് സെമിനാറിലാണ് പങ്കെടുക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഫ്ലക്സ് വെക്കുന്നത് ശരിയാണോ എന്നും മുരളീധരന്‍ ചോദിച്ചു.

രാജ്യം കോവിഡ് മഹാമാരിക്കെതിരെ യുദ്ധമുഖത്താണ്. എന്നാല്‍ കേരളസര്‍ക്കാര്‍ യുഎന്‍ വെബിനാര്‍ വരെ പിആര്‍ പ്രവര്‍ത്തനമാക്കുന്നു. യുദ്ധം ജയിച്ച ശേഷം പിആര്‍ വര്‍ക്ക് നടത്താം. എന്നാല്‍ യുദ്ധത്തിനിടെ പിആര്‍ വര്‍ക്ക് നടത്തുന്നത് അല്‍പ്പത്തരമാണ്. ഇത്തരം അല്‍പ്പത്തരം മലയാളികളെ അപഹാസ്യരാക്കും.

കോവിഡ് ടെസ്റ്റിങ്ങില്‍ കേരളം വളരെ പിന്നിലാണ്. രാജ്യത്ത് ടെസ്റ്റിങ്ങില്‍ കേരളം നില്‍ക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 583 ആണ് ദേശീയ ശരാശരി. പിആര്‍ വര്‍ക്കിന് വേണ്ടി ചെലവാക്കുന്ന പണം കൂടുതല്‍ ടെസ്റ്റ് നടത്താനും ക്വാറന്റീന്‍ സെന്റുകള്‍ ഉണ്ടാക്കാനും കേരള സര്‍ക്കാര്‍ വിനിയോഗിക്കണം. പിആര്‍ വര്‍ക്കിലൂടെ കോവിഡിനെ ചെറുക്കാനാവില്ല.