ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപകരുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍; പോലീസ് കേസെടുത്തു

single-img
26 June 2020

ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥികള്‍ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അവയ്ക്ക് അശ്ലീല കമന്റ് ചെയ്യുകയും ചെയ്തതിന് കേസെടുത്തു. ഗോവയിലെ പനജിയില്‍ നടന്ന സംഭവത്തില്‍ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ ക്ലാസിനിടെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.ഇത്തരത്തിലെ പ്രചാരണത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്പി പങ്കജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പനജിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരാതിയില്‍ പോലീസ് ഐടി ആക്ട്പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അധ്യാപകരെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കിയത്.