ഗുരുതരമായ സ്ഥിതിവിശേഷം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്

single-img
26 June 2020

ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്.  ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് രോഗപ്പകർച്ച കണക്കാക്കിയിരിക്കുന്നത്. 

പ്രസ്തുത മുന്നറിയിപ്പിലൂടെ മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണു സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, ഇതുപോലെ രോഗം വ്യാപിക്കണമെന്നില്ലെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നുണ്ട്. 

നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക തുടങ്ങി വിശദ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചിട്ടുള്ള്. അതേസമയം റിപ്പോർട്ടിലെ വിശദാംശങ്ങൾ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. 

‘‘നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽപോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം വലുതായിരിക്കും. ഇത് നിലവിലുള്ള അവസ്ഥവെച്ചുള്ള സൂചനയാണ്. അതിൽ കുറയാം, കൂടാം. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ സന്നദ്ധരാകണം’’ -റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലേക്ക് കൂടുതൽ കടക്കാതെ മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിദേശത്തുനിന്നു വരുന്നവർക്ക് നിരീക്ഷണവും ക്വാറന്റീനും കർശനമാക്കും. വിദേശത്തുനിന്ന് എത്തിയതിൽ ഏഴു ശതമാനം പേരിൽനിന്നാണ് രോഗവ്യാപനമുണ്ടായത്. ഇത് ക്വാറന്റീൻ സംവിധാനത്തിന്റെ വിജയമായാണ് സർക്കാർ വിലയിരുത്തുന്നത്. ജൂലായിൽ ദിവസം 15,000 പരിശോധനകളുണ്ടാകും.

വിമാനത്താവളങ്ങളിൽ ആന്റിബോഡി ടെസ്റ്റ് നടത്തും. ഐ.ജി.എം., ഐ.ജി.ജി. ആന്റിബോഡികൾ കണ്ടെത്തിയാൽ പി.സി.ആർ. ടെസ്റ്റുകൂടി നടത്തും. ആന്റിബോഡി ടെസ്റ്റിൽ നെഗറ്റീവ് ഫലമുള്ളവർക്കും പിന്നീട് രോഗബാധ കാണിക്കാം. ഇവർ കർശന സമ്പർക്ക വിലക്കിൽ കഴിയേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.