ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി യുവാവ്: പിന്നാലെ ഭാര്യയും മറ്റൊരു യുവാവും വിഷം കഴിച്ച നിലയിൽ സ്റ്റേഷനിലെത്തി

single-img
24 June 2020

ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ കാണാതായ യുവതിയും യുവാവും വിഷം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി. പത്തനംതിട്ട കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകുന്നത്. 

തൻ്റെ ഭാര്യ ജയന്തിയെ കാണാനില്ല എന്ന പരാതിയുമായി കുറ്റൂർ സ്വദേശി നിതിനാണ് ചൊവ്വാഴ്ച തിരുവല്ല പോലീസിനെ സമീപിച്ചത്.  ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ വിഷം കഴിച്ചിട്ടുള്ളതായി ഇരുവരും പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. 

തുടർന്ന് ഇരുവരേയും പൊലീസ് ജീപ്പിൽ  താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. 

നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കൽ കോളേജിൽ ഒപ്പമുള്ളത്. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.