അങ്ങനെ വാരിയംകുന്നനും ഷൂട്ടിംഗിനു മുമ്പ് തന്നെ വിജയം കാണുന്നു: പ്രചരണം സംഘപരിവാർ ഏറ്റെടുത്തു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ഇപ്പോഴത്തെ സംസാര വിഷയം. വാരിയംകുന്നത്തിൻ്റെ ജീവിതകഥ പറയുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം നടന്നതിനു പിന്നാലെ അദ്ദേഹത്തിൻ്റെ ജാതകമെഴുതുന്ന തിരക്കിലാണ് സമൂഹമാധ്യമങ്ങൾ. അടുത്ത വർഷം നൂറുവയസ്സു തികയുവാനിരിക്കേ മലബാർ കലാപം ഒരു വിപ്ലവമായിരുന്നില്ലെന്നും ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരെ നടത്തിയ മത ലഹള മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ രംഗത്ത് എത്തിയിട്ടുള്ളത്. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത് ആ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ പൃഥ്വിരാജാണ്. സമൂഹമാധ്യമങ്ങളിൽ ഈ പ്രഖ്യാപനം വന്നതിനു പിന്നാലെ ഒരു കൂട്ടപ്പൊരിച്ചിലാണ് കാണാൻ കഴിഞ്ഞത്. ഒരു വർഗ്ഗീയ വാദിയുടെ വേഷം അവതരിപ്പിക്കുന്നതിൽ നിന്നും പിൻമാറണം എന്നാണ് സംഘപരിവാർ അനുകൂലികളുടെ ആവശ്യം. അവരുടെ രീതിയനുസരിച്ചുള്ള മാന്യതയിലാണ് അവർ പ്രതികരിച്ചിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. മറ്റുള്ളവർക്ക് അതു കണ്ടാൽ അമ്മയ്ക്കു വിളിച്ചുകൊണ്ടുള്ള പ്രതികരണം എന്നൊക്കെ തോന്നും. പക്ഷേ സത്യമതല്ല കേട്ടോ. ഇതാണ് അവരുടെ രീതി. ആർഷഭാരത സംസ്കാരം എന്നാണ് അവർ അവരുടെ രീതികളെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. ഇതും അതിൽപ്പെട്ടതാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

സംഘപരിവാറിൻ്റെ കാലങ്ങളായി തുടർന്നു വരുന്ന രീതിയനുസരിച്ച് തങ്ങൾക്ക് ഇഷ്ടമില്ലാത്തതൊന്നും ഈ മണ്ണിൽ വേണ്ട എന്ന ചിന്തയുടെ ആദ്യ ഘട്ടമാണ് ഈ എതിർപ്പിനു കാരണമെന്നൊക്കെ ചിലർ പറയും. പക്ഷേ അങ്ങനെയല്ല സത്യം. അതിനൊരു ഉദാഹരണം പറയാം. വിജയ് ചിത്രമായ മെർസലിന് എതിരെ സംഘപരിവാർ ഉയർത്തിയ പ്രതിഷേധം ആരും മറന്നു കാണില്ലല്ലോ. ചിത്രത്തിൽ ആരോ എന്തോ പറഞ്ഞു എന്നു പറഞ്ഞായിരുന്നു പ്രതിഷേധം. എന്തിനായിരുന്നു ആ എതിർപ്പ്. സംഘരിവാറിന് എതിരായതുകൊണ്ടാണ് എന്ന് ചില നിഷ്കളങ്കർ പറയും. എന്നാൽ സത്യം അതല്ല. മെർസലിനെ നൂറുകോടി കടത്തുക എന്നുള്ളതായിരുന്നു ആ എതിർപ്പിലൂടെ അവർ ഉദ്ദേശിച്ചത് എന്ന് എത്ര പേർക്കറിയാം. അതേ സത്യമതായിരുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു. മെർസൽ നൂറും കടന്നു ഇരുന്നൂറും കടന്നു. അവരും ഹാപ്പി ഇവരും ഹാപ്പി. 

പൃഥ്വിരാജ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പറഞ്ഞുവച്ച പോലെ പ്രതിഷേധക്കാരും രംഗത്തെത്തി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചും സംഘപരിവാർ പ്രതിഷേധം കനപ്പിക്കുകയും ചെയ്തു. വര്‍ഗീയതയും അപവാദങ്ങളും നിറഞ്ഞ പ്രസ്താവനകളാണ് ആഷിഖ് അബുവിനും പൃഥ്വിരാജിനും എതിരെ ഉയര്‍ന്നത്. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബത്തെ വലിച്ചിഴച്ചും വരെ കമൻ്റുകള്‍ എത്തുന്നുണ്ട്. 

പ്രിഥ്വിരാജിൻ്റെ കുടുംബത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തിയ സ്ത്രീ അതിൻ്റെ പേരിൽ നടൻ തന്നെ ബ്ലോക്കിയതായും വ്യക്തമാക്കിയിട്ടുണ്ട്. എന്തായിരുന്നു ബ്ലോക്കാനുള്ള കാരണമെന്ന് ചോദിച്ച വ്യക്തിയോട് കാര്യകാരണ സഹിതം വിശദമാക്കിയിട്ടുമുണ്ട്. വിദീകരണം കണ്ടാൽ ആരും ഒന്ന് അമ്പരക്കും. പക്ഷേ അതാണ് അവരുടെ രീതി. അവർ അങ്ങനെയാണ് സഹജീവികളെ സ്നേഹിക്കുന്നത്. മറ്റുള്ളവർക്ക് അതു ചിലപ്പോൾ മനസ്സിലാകില്ല. 

ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തുമെന്നാണ് ബിജെപി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ബിജെപി വക്താവ് സന്ദീപ് വാര്യരും പൃഥ്വിരാജിനെ വിമർശിച്ച് രംഗത്ത് എത്തി. അങ്ങനെ സകലരും ചിത്രത്തെ വിജയിപ്പിക്കുവാൻ പെടാപ്പാട് പെടുകയാണ്. ഈ ഉപകാരത്തിനു നന്ദിയൊക്കെ എങ്ങനെയാണ് സിനിമയുടെ അണിയറപ്രവർത്തകർ വീട്ടിത്തീർക്കുക?

നമ്മൾ തീരുമാനം എടുത്തു കഴിഞ്ഞു.1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണും. കൂടെയുണ്ടാവണം, സത്യമേവ ജയതേ.

Posted by Ali Akbar on Monday, June 22, 2020

ഈ ഓണാഘോഷം നടക്കുന്നതിനിടയിലാണ് പുട്ടുകച്ചവടവുമായി സംവിധായകനും ബിജെപി സഹയാത്രികനുമായ അലി അക്ർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. നമ്മൾ തീരുമാനം എടുത്തു കഴിഞ്ഞു. 1921ൻ്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണും. കൂടെയുണ്ടാവണം. സത്യമേവ ജയതേ. എന്നു പറഞ്ഞുകൊണ്ടായിരുന്നു അലിഅക്ബർ വന്നത്. അതായത് ഒരു പുതിയ ചിത്രത്തിനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞുവെന്നും എല്ലാപേരുടേയും സഹായ സഹകരണങ്ങൾ വേണമെന്നുമാണ് അലിഅക്ബർ പറഞ്ഞതെന്നു തോന്നുന്നു. കാര്യമൊക്കെ ശരി. അതിനിടയിൽ ഒരു കാര്യം മാത്രം ഒന്നു ഓർമ്മിപ്പിക്കട്ടെ. ബിജെപിയിലേക്ക് എത്തിയ രാജസേനൻ നായകനായി എത്തിയ ഒരു ചിത്രം ഇടയ്ക്ക് പുറത്തിറങ്ങുമെന്നു കേട്ടിരുന്നു. ട്രയിലറൊക്കെ ഇറക്കി ഒരു ഓളമൊക്ക ഉണ്ടാക്കുകയും ചെയ്തിരുന്നു. ലൗജിഹാദും രാജ്യസ്നേഹവും ശാഖയുമൊക്കെ ഇടവിട്ടു കാണിക്കുന്ന ആ ചിത്രം ഒന്നു റിലീസ് ചെയ്യുമോ? ആരു കണ്ടില്ലെങ്കിലും ഞാൻ കാണും. കാരണം അതിലെ രംഗങ്ങളും സംഭാഷണങ്ങളും എന്നെ അന്നേ കോരിത്തരിപ്പിച്ചിരുന്നു. 

ചിത്രം വിജയിപ്പിക്കുവാനുള്ള കരാറെടുത്തവരുടെ കാര്യങ്ങൾ അവിടെ നിൽക്കട്ടെ. നമുക്ക് ചിത്രത്തിലേക്കു വരാം. ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖ് അബുവിൻ്റെ കോ ഡയറക്റ്റർ ആയിരിക്കും. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തിൻ്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷം അതായത് 2021ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 

അപ്പോൾ പിന്നെ ഷൂട്ടിംഗിനു മുന്നേ തന്നെ ചിത്രം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സോറി… സംഘപരിവാർ ഏറ്റെടുത്തു കഴിഞ്ഞു. അവരുടെ രീതിയനുസരിച്ച് ചിത്രം വിജയിക്കുമെന്നുള്ള ഉറപ്പുമായി. ഇനിയിപ്പോൾ ധെെര്യമായി ഷൂട്ടിംഗ് തുടങ്ങാം. മലയാളത്തിൽ അങ്ങനെ മറ്റാർക്കും ലഭിക്കാത്ത ഭാഗ്യം കിട്ടിയ പ്രിഥ്വിരാജിനും ആഷിക് അബുവിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ സമയമാണ് ബെസ്റ്റ് സമയം.