വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ആദ്യം എത്തുന്നത് പൃഥ്വിരാജോ വിക്രമോ?

single-img
22 June 2020

മലയാളത്തിലേക്ക് തമിഴ് സൂപ്പർ താരം വിക്രം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായെത്തുന്ന അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ ഇപ്പോൾ വീണ്ടും ചർച്ചയാവുന്നു. എന്നാൽ ആഷിഖ് അബു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ താന്‍ സംവിധാനം ചെയ്യുന്നു എന്ന് ഇന്ന് അനൗണ്‍സ് ചെയ്യുകയുണ്ടായി. ഇതിൽ പൃഥ്വിരാജാണ് നായകൻ.

എന്നാൽ തങ്ങൾ ആലോചിച്ച പഴയ പദ്ധതിയെ കുറിച്ച് അന്‍വര്‍ റഷീദോ വിക്രമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻപും ഈ സിനിമ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ ഇപ്പോൾ അതിനെ കുറിച്ച് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടിലാണോ എന്നതാണ് സംശയം ഉയർത്തുന്നത്.

ആഷിഖ് അബു വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം പ്രശസ്ത സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന്അറിയിച്ചിട്ടുണ്ട്. ‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നിലവിൽ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും തീരുമാനിച്ചിട്ടില്ല.