ലോകത്തെ അതിസമ്പന്നർ; പട്ടികയുടെ ആദ്യ പത്തില്‍ ഇടംനേടി മുകേഷ് അംബാനി

single-img
22 June 2020

നിലവിൽ ലോകത്തുള്ള ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. അന്താരാഷ്‌ട്ര മാസികയായ ഫോര്‍ബ്‌സ് തയാറാക്കിയ പട്ടികയിൽ ഇടംനേടിയ ഒരേയൊരു ഏഷ്യാക്കാൻ കൂടിയാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, ഇപ്പോൾ കമ്പനിയുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്.

കഴിഞ്ഞ കുറച്ചുകാലത്തിൽ 11 ആഗോള നിക്ഷേപകരില്‍നിന്ന് 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോംസ് സമാഹരിച്ചത്. ഏകദേശം 64.6 ബില്യണ്‍ ഡോളറാണ് (4.9 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ഇപ്പോഴുള്ള സമ്പത്ത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടബാധ്യതയില്ലാത്ത കമ്പനിയായി ചെയര്‍മാന്‍ പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തോടെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോര്‍ഡിട്ടിരുന്നു. വെറും 58 ദിവസത്തിനുള്ളില്‍ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറഞ്ഞു. നിലവിൽ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍.

160.1 ബില്യണ്‍ ഡോളറാണ് ആസ്തി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (108.6 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തും, എല്‍വിഎം.എച്ചിന്റെ ചെയര്‍മാന്‍ ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട് (102.8 ബില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്തുമാണ്. സോഷ്യൽ മീഡിയയായ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് 87.9 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി നാലാം സ്ഥാനത്തുണ്ട്.