ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്നതെന്ത്; കേന്ദ്രസര്‍ക്കാര്‍ ആധികാരിക പ്രസ്താവന ഇറക്കണം: സിപിഎം

single-img
16 June 2020

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആധികാരിക പ്രസ്താവന ഇറക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശരിയായ നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കവെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടലുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും പൊളിറ്റ്ബ്യൂറോ പറഞ്ഞു.

ഇതോടൊപ്പം തന്നെ ഇന്ത്യന്‍ കേണലിന്റെയും രണ്ട് സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പിബി അറിയിച്ചു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ സംഭവസ്ഥലത്ത് ഇരുപക്ഷത്തെയും സൈനിക അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കരസേന പ്രസ്താവിച്ചിട്ടുണ്ട്. ഇതിലൂടെ രണ്ടുരാജ്യങ്ങളും സമാധാനം ഉറപ്പാക്കണം.

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ ഇരുസര്‍ക്കാരുകളും ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും പിബി അറിയിച്ചു.