വയനാട്ടില്‍ വനപാതകളിൽ വേഗത നിയന്ത്രിക്കാന്‍ ഹമ്പുകൾ സ്ഥാപിക്കാന്‍ വനംവകുപ്പ്; എതിര്‍പ്പുമായി സംഘടനകള്‍

single-img
16 June 2020

വയനാട് ജില്ലയിലെ വനപാതകളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഹമ്പുകൾ സ്ഥാപിക്കാനുള്ള വനംവകുപ്പ് നിർദേശത്തിനെതിരെ പ്രതിഷേധം ഉയരുന്നു. വന്യജീവികള്‍ വാഹന അപകടത്തിൽ പെടുന്നതില്‍ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ട് വൈൽഡ് ലൈഫ് വാർഡൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാഹന വേഗത നിയന്ത്രിക്കാൻ വരമ്പുകൾക്ക് ജില്ലാ കലക്ടർ അനുമതി നൽകിയത്.

ജില്ലയിലെ സുൽത്താൻ ബത്തേരി – പുൽപ്പള്ളി , മാനന്തവാടി – തോൽപ്പെട്ടി, മാനന്തവാടി- ബാവലി , ബത്തേരി- മുത്തങ്ങ പാതകളിലാണ് ഇത്തരത്തില്‍ ഹമ്പുകള്‍ സ്ഥാപിക്കുക. എന്നാല്‍ കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.

പ്രസ്തുത ഉത്തരവിനെതിരെ വനംവകുപ്പ് ഓഫീസുകൾക്ക് മുന്നിൽ 18 ന് പ്രതിഷേധ പരിപാടികൾ നടത്താൻ സംഘടന തീരുമാനിച്ചു. ഇതോടൊപ്പം വനപാതയോട് ചേർന്ന് താമസിക്കുന്ന പ്രദേശ വാസികളും ഉത്തരവിനെതിരെ രംഗത്തെത്തി. ഇവര്‍ ഉയര്‍ത്തുന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും കലക്ടർ അറിയിച്ചു.

അ‌ഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് കളക്ടർ വരമ്പ് സ്ഥാപിക്കാൻ അനുമതി നൽകുകയും ഉത്തരവിറങ്ങുകയും ചെയ്തിരുന്നു എങ്കിലും ഇത് നടപ്പാകാത്തതിനാൽ വനംവകുപ്പ് ദേശീയ പാത അതോറിറ്റിയെ സമീപിച്ചു. അതോടുകൂടി പാതകളിൽ കൂടുതലായി വരമ്പുകൾ വന്നാൽ ആശുപത്രികളിൽ പോലും സമയത്ത് എത്താൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ പരാതി