അജ്ഞാതര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ ഓഫ് ചെയ്തു; മത്സ്യ കൃഷിയിടത്തിൽ 2500 മത്സ്യങ്ങള്‍ ചത്തു

single-img
12 June 2020

മത്സ്യ കൃഷിയിടത്തിലെ മീനുകൾക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്ന സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ അജ്ഞാതര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 2500 മത്സ്യങ്ങള്‍ ചത്തു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് പുതുകുളങ്ങരവെളി തെക്കേവെളുത്തശേരി ചന്ദ്രബാബുവിന്റെ വീടിനോട് ചേര്‍ന്ന് പ്രവർത്തിക്കുന്ന ബയോ ഫ്‌ലോക്ക് കൃഷി സമ്പ്രദായത്തിലൂടെ നടത്തിവന്ന കൃഷിയിടത്തിലാണ് ഇത്തരത്തിൽ ദാരുണമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്.

പ്രദേശത്തെ രണ്ട് വലിയ ടാങ്കുകളിലായി വെള്ളത്തിന് ലഭിക്കുന്ന രീതിയിൽ ഓക്‌സിജന്‍ മോട്ടോര്‍ ഉപയോഗിച്ച് നിയന്ത്രിച്ച് നടത്തുന്ന മത്സ്യകൃഷിയാണിത്. ജൂലൈ മാസത്തിൽ പൂർണ്ണമായി വളര്‍ച്ചയെത്തുമായിരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തതോടെ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ചന്ദ്രബാബു പറയുന്നു. സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്തു.