പൊലീസിൻ്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ട: ഹർജി ഹെെക്കോടതി തള്ളി

single-img
12 June 2020

പൊലീസിൻ്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. എസ്എല്‍ആര്‍ റൈഫിളുകളില്‍ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും ഇന്‍സാസ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന ഒന്‍പത് വെടിയുണ്ടകളും നഷ്ടമായതായാണ് പരിശോധനയിലെ കണ്ടെത്തിയിരുന്നത്. 

പൊലീസിന്റെ പക്കല്‍നിന്ന് 12,061 വെടിയുണ്ടകള്‍ നഷ്ടമായതായി സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പൊലീസിന്റെ പക്കല്‍ നിന്നും കാണാതായത്  3609 വെടിയുണ്ടകള്‍ മാത്രമാണെന്നാണ് ക്രെെം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുകയുമായിരുന്നു. 

95,000ഓളം വെടിയുണ്ടകള്‍ ചീഫ് സ്‌റ്റോറില്‍നിന്നുള്ള രേഖയുമായി ഒത്തുനോക്കിയാണ്ക്രൈംബ്രാഞ്ച് എണ്ണം തിട്ടപ്പെടുത്തിയത്. എ.കെ47 തോക്കുകളില്‍ ഉപയോഗിക്കുന്ന ഉണ്ടകളൊന്നും നഷ്ടമായിട്ടില്ല. 1996 ജനുവരി ഒന്നുമുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള രേഖകളുമായി ഒത്തുനോക്കിയാണ് വെടിയുണ്ടകള്‍ പരിശോധിച്ചത്.