ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പു തന്നെ: കുരുക്ക് മുറുക്കി ഡിഎൻഎ തെളിവ്

single-img
9 June 2020

ഉത്ര വധക്കേസിൽ ടിന്നിലാക്കി ഭർത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശൽക്കങ്ങളും ഉത്രയുടെ ശരീരത്തിൽ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് വിദഗ്ദർ പരിശോധിച്ച് നിഗമനത്തിലെത്തിയത്. 

സൂരജ് പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നു മുറിയിൽ തുറന്നുവിട്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണു കേസ്. സൂരജ് കൊണ്ടുവന്ന പാമ്പു തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു  കാര്യങ്ങൾ എളുപ്പമാകും. 

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും. രണ്ടാം പ്രതി ചാവർകോട് സുരേഷിൽ നിന്നു വാങ്ങിയ അണലിയെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നതിനു പിന്നാലെയാണ് സൂരജിൻ്റെ ക്രൂരത. 

സുരേഷിൽ നിന്നു മൂർഖൻ പാമ്പിനെ വാങ്ങി മേയ് ആറിന് ഉത്രയുടെ അഞ്ചൽ ഏറം വിഷു വെള്ളശ്ശേരിൽ വീട്ടിലെത്തി. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. ആ കടിയിലാണ് ഉത്ര മരിച്ചത്.