കേരള സർക്കാരിൻ്റെ `പഠനത്തിനൊപ്പം ജോലി´ ഈ വർഷം മുതൽ: ശമ്പളം സർക്കാർ നിശ്ചയിക്കും

single-img
9 June 2020

കേരള സർക്കാരിൻ്റെ  ‘പഠനത്തിനൊപ്പം ജോലി’ പദ്ധതി ഈ അധ്യയനവർഷം മുതൽ നടപ്പിലാക്കും.ഇതുവഴി ഓണറേറിയത്തോടുകൂടി തന്നെ ഇനി വിദ്യാർത്ഥികൾക്ക് തൊഴിൽ ചെയ്യാനാകും. ജോലിക്കുള്ള പ്രതിഫലം സർക്കാരാണ് നിശ്ചയിക്കുക.  

സംസ്ഥാനത്ത് കോളജുകളിൽ ക്ലാസ് സമയം രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചർച്ച ഉയർന്നു വന്നതിനെ തുടർന്ന് ഇതിന്റെ പശ്ചാത്തലത്തിലാണ്. പദ്ധതി വിദ്യാർത്ഥികളുടെ തൊഴിൽ പരിചയം വർധിപ്പിക്കുമെന്നും നൈപുണ്യ ശേഷി ഉയർതത്തുമെന്നുമാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയിൽ ഉൾപ്പെട്ടതാണ് പദ്ധതി. പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ കരട് റിപ്പോർട്ട് തയ്യാറാക്കി. പഠനസമയത്തിനുശേഷം എത്രമണിക്കൂർ ജോലിചെയ്യണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യവസ്ഥയുണ്ടാക്കുന്ന സർക്കാർ, ഇതിനായി ഒരു പൊതു പ്ലാറ്റ്‌ഫോമും തയ്യാറാക്കും. 

സർവകലാശാലകളും സർക്കാർകോളേജുകളും അർധസർക്കാർസ്ഥാപനങ്ങളും ചേർന്ന് പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നരീതിയിലും സർക്കാരിന്റെയും സർവകലാശാലകളുടെയും മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയുമാണ് ആലോചനയിലുള്ളത്.

ജോലിചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികളുടെ ഡേറ്റാബേസ് തയ്യാറാക്കും. മൊബൈൽ ആപ് വഴി ഈ ഡേറ്റാബേസ് ലഭ്യമാകും. 18 മുതൽ 25 വരെ വയസ്സുള്ളവർക്കാണ് പഠനത്തിനൊപ്പം ജോലിചെയ്യാൻ അവസരം ലഭിക്കുക. പഠനത്തിന് തടസ്സം വരാത്ത രീതിയിൽ സർക്കാർ വകുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒക്കെ ജോലി ചെയ്യാൻ ഇനി വിദ്യാർത്ഥികൾക്കും അവസരം ലഭിയ്ക്കുമെന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത.