ബസ്ചാര്‍ജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

single-img
9 June 2020

ലോക്ക് ഡൌൺ നിലനിൽക്കവേ സർവീസ് നടത്താൻ കൂട്ടിയ ബസ് ചാര്‍ജ് വീണ്ടും കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ചാർജ് കുറച്ചത് കോടതി സ്റ്റേ ചെയ്തതോടെ ബസുകളില്‍ കൂടിയ നിരക്ക് തന്നെ ഈടാക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

സംസ്ഥാന സർക്കാർ ഇനിയൊരു പുതിയ ഉത്തരവ് ഇറക്കുന്നതു വരെയാണ് സ്റ്റേ നിലനിൽക്കുക. മിനിമം ചാർജ് 12 രൂപയായിരുന്നു ബസുകളുടെ വര്‍ദ്ധിപ്പിച്ച നിരക്ക്. യാത്രചെയ്യുമ്പോൾ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ചാര്‍ജ് കൂട്ടിയിരുന്നത്. പക്ഷെ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. അതേസമയം ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.