കേരളത്തിൻ്റെ സ്വന്തം ലാപ്‌ടോപ് ആമസോണിലെത്തി: വിലക്കുറവ് മുഖ്യ ആകർഷണം

single-img
9 June 2020

കേരളത്തിൻ്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ഓൺലൈൻ വിപണനശൃംഖലയായ ആമസോണിൽ എത്തി. ആമസോണിൽ വിൽപ്പന തുടങ്ങിയതിനു പിന്നാലെ ദിവസങ്ങൾക്കകം പൊതുവിപണിയിലുമെത്തുമെന്നാണ് സൂചനകൾ. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിർമിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. 

29,000 മുതൽ 39,000 വരെ‌ വിലയുള്ള മൂന്ന് വ്യത്യസ്‌ത മോഡലാണ് എത്തിയത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബൽ, ഇന്റൽ, കെഎസ്‌ഐഡിസി, സ്റ്റാർട്ടപ്പായ ആക്‌സിലറോൺ എന്നീ സ്ഥാപനങ്ങൾ ചേർന്ന സംരംഭമാണ് കൊക്കോണിക്‌സ്‌‌‌.

ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാൾ വിലക്കുറവാണ്‌ പ്രധാന ആകർഷണം.കെൽട്രോണിന്റെ തിരുവനന്തപുരം മൺവിളയിലുള്ള പഴയ പ്രിന്റഡ്‌ സർക്യൂട്ട്‌ നിർമാണശാലയാണ്‌ കൊക്കോണിക്‌സിന്‌ നിർമ്മാണത്തിനായി കൈമാറിയത്‌. വർഷം രണ്ടര ലക്ഷം ലാപ്‌ടോപ്‌ നിർമിക്കുകയാണ്‌ ലക്ഷ്യം‌. 

സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ്‌ ലാപ്‌ടോപ്‌ കൈമാറി‌ക്കളിഞ്ഞു. പഴയ ലാപ്ടോപ്പുകൾ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്‌സ്‌ ഒരുക്കുന്നു‌ണ്ടെന്നുള്ളത് പ്രത്യേകതയാണ്.