വടിവാളുമായി ചേട്ടൻ വരുന്നുണ്ട് മാറിക്കോളാൻ യുവതിയുടെ മുന്നറിയിപ്പ്; വരുന്നതു വരുന്നിടത്തുവച്ച് കാണാമെന്ന് മറുപടി പറഞ്ഞ് അഖിൽ

single-img
8 June 2020

മൂവാറ്റുപുഴയിൽ പ്രണയബന്ധം ആരോപിച്ച് സഹോദരിയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ നോക്കിയ സംഭവത്തിൽ പ്രതിയെ സഹായിച്ച പ്രായപൂർത്തിയാകാത്ത യുവാവ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 11 മണിയോടെയാണു പ്രതി ബേസിലിനെ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടു പോയ 17കാരനെ പൊലീസ് പിടികൂടിയത്. കറുകടം സ്വദേശി ബേസിൽ എൽദോസാണ് സഹോദരിയുടെ പ്രണയത്തിന്റെ പേരിൽ യുവാവിനെ വടിവാളിനു കഴുത്തിനു വെട്ടി പരുക്കേൽപിച്ചത്.

പരുക്കേറ്റ പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ‍(19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വെട്ടേറ്റ ഉടനെ ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

 പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതക ശ്രമമാണു നടന്നത് എന്നാണു മനസിലാകുന്നതെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വധശ്രമത്തിനും പട്ടികജാതി പട്ടികവർഗ നിരോധന നിയമപ്രകാരവും പ്രതികൾ രണ്ടാൾക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയാണു വെട്ടേറ്റ അഖിൽ. പ്ലസ്ടുവിനു പഠിക്കുന്ന കാലത്ത് ഉടലെടുത്ത പ്രണയം വീട്ടുകാർക്കു നേരത്തെ അറിയാമായിരുന്നുവെന്നാണ് സൂചനകൾ. പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ വിലക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽനിന്ന് പിൻമാറാൻ ബേസിൽ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ യുവതി ഇതിനു തയാറാകാതെ വന്നതോടെയാണ് അഖിലിനെ വകവരുത്താൻ തീരുമാനിച്ചത്. ഇതിനായി യുവാവ് വീട്ടിൽനിന്ന് വടിവാളുമായി ഇറങ്ങുന്ന വിവരം സഹോദരി അപ്പോൾ തന്നെ അഖിലിനെ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ അഖിൽ അതു കാര്യമായി എടുത്തിരുന്നില്ല. വരുന്നത് വരുന്നിടത്തു വച്ച് കാണാമെന്നാണ് മറുപടി പറഞ്ഞത്. മാത്രമല്ല മാസ്ക് വാങ്ങാനായി കവലയിൽ എത്തുകയും ചെയ്തു. ഈ സമയത്തായിരുന്നു ബൈക്കിലെത്തി വടിവാളിനു വെട്ടിയത്. 

അതേസമയം, അഖിലിൻ്റെ വീട്ടുകാർക്കും മകൻ്റെ പ്രണയ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കുട്ടികളുടെ കാര്യമായതിനാൽ സമയമാകുമ്പോൾ സംസാരിച്ചു പരിഹാരമുണ്ടാക്കാം എന്ന നിലപാടായിരുന്നു അഖിലിന്റെ വീട്ടുകാർ സ്വീകരിച്ചതെന്നും സൂചനകൾ് പുറത്തു വരുന്നുണ്ട്. 

നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കൽ ഷോപ് പ്രവർത്തിച്ചിരുന്നു. ഇവിടെ മാസ്ക് വാങ്ങുന്നതിനാണു അഖിൽ ഒരു കൂട്ടുകാരനൊപ്പം എത്തിയപ്പോഴായിരുന്നു വധശ്രമം നടന്നത്. യുവാവു പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞു ബൈക്കിൽ എത്തിയ ബേസിൽ കടയിൽനിന്നു വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്തു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. ഇതിനിടെ, അഖിലിന് ഒപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിനും ചെറിയ രീതിയിൽ പരികാ്കേറ്റു. അഖിലിനെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇദ്ദേഹം എത്തിയതെന്നു വ്യക്തമാകുന്നതാണു യുവാവിനേറ്റ പരുക്കുകളെന്നാണ് പൊലീസ് പറയുന്നത്.