വിഎസിൻ്റെ പൂർണ്ണ രൂപം ലോകം കരുതുന്ന പോലെ `വേലിക്കകത്ത് ശങ്കരൻ´ അല്ല: സത്യം വെളിപ്പെടുത്തി വിഎസിൻ്റെ സഹോദര പുത്രൻ

single-img
7 June 2020

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദന്റെ മുഴുവൻ പേര് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ് ഏവരും വിശ്വസിക്കുന്നത്.  എന്നാൽ വി.എസിന്റെ ശരിക്കുള്ള പേര് അതല്ല എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വിഎസിൻ്റെ ജ്യേഷ്ഠൻ വി.എസ്. ഗംഗാധരന്റെ മകൻ പീതാംബരൻ. 

വി എസ് അച്യൂതാനന്ദൻ  എന്നുള്ളതിൻ്റെ ശരിക്കുള്ള പൂർണ്ണ രൂപം വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നാണെന്നാണ് പീതാംബരൻ പറയുന്നത്. അധികമാരും അറിയാത്ത രഹസ്യം കൗമുദി ടിവിയോടാണ് പീതാംബരൻ വെളിപ്പെടുത്തിയത്. 

വിഎസിനെ സ്കൂളിൽ ചേർത്തപ്പോൾ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേർക്കുകയായിരുന്നു.1967 ൽ ആദ്യമായി എംഎൽഎ ആയതിന് ശേഷമാണ് വി.എസ്. വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജ്യേഷ്ഠൻ വിഎസ്. ഗംഗാധരന്റെ പേരിൽ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലമാണ് സ്വന്തമായി സ്ഥലമില്ലാതിരുന്ന വിഎസ് അച്യുതാനന്ദൻ വാങ്ങിയതെ്നും പീതാംബരൻ പറഞ്ഞു. 

പുന്നപ്ര വയലാർ സമരകാലത്ത് വിഎസ് ജനിച്ച് വളർന്ന വെന്തലത്തറയിലെ വീട് പട്ടാളം മുദ്രവച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത് ഒളിവിൽ പോയ അച്യുതാനന്ദനെ തിരക്കിയാണ് അന്ന് പട്ടാളമെത്തിയത്. എന്നാൽ അച്യുതാനന്ദൻ വീട്ടിലില്ലെന്ന് പറഞ്ഞെങ്കിലും പട്ടാളം കേട്ടില്ല. വീട്ടിലുള്ളവരെയെല്ലാം അന്ന് ഇറക്കിവിട്ടു. ഒടുവിൽ അയൽപക്കക്കാരോട് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് പട്ടാളക്കാർ വീട് തുറന്നു കൊടുത്തതെന്നും പീതാംബരൻ വെളിപ്പെടുത്തുന്നു. 

വെന്തലത്തറയിലെ വീട് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ പനയക്കുളങ്ങര ഗവൺമെന്റ് ഹൈസ്കൂളിന് കിഴക്കുവശത്താണുള്ളത്. വിഎസ് മുഖ്യമന്ത്രിയായ സമയത്ത് വിഎസിന്റെ ഇളയ സഹോദരി ആഴിക്കുടിയാണ് ഈ വീട്ടിൽ താമസിച്ചിരുന്നതെന്നും പീതാംബരൻ പറഞ്ഞു.