കാറിനു മുന്നിൽപ്പെട്ട യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ് വരുന്നതുവരെ അവർ കാവൽക്കാരായി: കഠിനംകുളം കൂട്ടബലാത്സംഗക്കേസ് ലോകമറിഞ്ഞത് ഇവരിലൂടെ

single-img
6 June 2020

കഠിനംകുളം കൂട്ടബലാത്സംഗ കേസ് ലോകമറിഞ്ഞത് നൗഫൽ, ജവാദ്, ഫാറൂഖ് എന്നീ യുവാക്കളിലൂടെ. തങ്ങൾ സഞ്ചരിച്ച കാറിനു മുന്നിൽ വന്നു പെട്ട യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി വീട്ടിലെത്തിച്ച ഈ യുവാക്കളാണ് പൊലീസിനെ വിളിച്ചുവരുത്തിയതും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നതും. 

സുഹ്യത്തുക്കളുടെ വീട്ടിൽ നിന്നും വരുന്ന വഴി യുവതിയും കുഞ്ഞും നൗഫലിൻ്റെ കാറിനു മുൻപിലെത്തുകയായിരുന്നു. കൈ കാണിച്ച് കാർ നിർത്തിക്കുകയും തന്നെ കുറച്ചു പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു പകുതി അബോധാവസ്ഥയിൽ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റം കണ്ട് ഇവർ ്ആദ്യം പകച്ചുപോയെങ്കിലും സുഹ്യത്ത് ഷാജുവിനൊപ്പം യുവതിയെയും കുഞ്ഞിനെയും കയറ്റി കാർ യുവതിയുടെ പോത്തൻകോട് വീട്ടിലെത്തിക്കുകയായിരുന്നു. 

പോകുന്ന വഴിക്ക് ഇവർ പോലിസിനെയും വിവരമറിയിച്ചു.പോലിസിൻ്റെ നിർദ്ദേശമനുസരിച്ച് അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു. ഈ സമയം സുഹ്യത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ പോലിസ് എത്തുന്നതിനു മുമ്പ് ഭർത്താവ് അവിടെയെത്തി യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തി. എന്നാൽ യുവാക്കൾ പതറിയില്ല. ഭർത്താവിനെയും അവർ തടഞ്ഞുവെച്ചു. 

ഭാര്യ കള്ളം പറയുകയാണെന്നും,മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭർത്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാണെന്നും ചോദിച്ചു യുവാക്കളോട് കയർക്കാനും ഭർത്താവ് ശ്രമം നടത്തി. ആ സമയം പൊലീസ് എത്തുകയും യുവാക്കൾ  ഭർത്താവിനെ തടഞ്ഞു നിർത്തി പോലിസിലേൽപ്പിക്കുകയുമായിരുന്നു. 

യുവതിയുടെ കുഞ്ഞ് അപ്പോഴും പേടിച്ച് കട്ടിലിനടിയിൽ കയറി കരയുകയായിരുന്നെന്നാണ് യുവാക്കൾ വിശദീകരിക്കുന്നത്. ഈ വാർത്തകൾ പുറരത്തു വരുനന്തു കാണുമ്പോൾ അവരെ രക്ഷിച്ചതിൽ അഭിമാനം തോന്നുന്നുന്നുവെന്നും യുവാക്കൾ പറയുന്നു. കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുകയാണ് നൗഫലും ജവാദും ഫാറൂഖും.