മാർഗ നിർദ്ദേശങ്ങൾ പാലിക്കാനാവില്ല; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കേണ്ടതില്ല എന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍

single-img
6 June 2020

സംസ്ഥാനമാകെ കൊവിഡ് കൂടുതലായി പടരുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി സംസ്ഥാനത്തെ കൂടുതല്‍ പള്ളികള്‍ രംഗത്തെത്തി.പുതിയ തീരുമാന പ്രകാരം കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദും തുറക്കില്ല. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന മാര്‍ഗനിര്‍ദേശം പൂർണ്ണമായി പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടക്കാവ് പുതിയ പള്ളി ഉടന്‍ തുറക്കാത്തതെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.

പ്രാർത്ഥനയ്ക്കായി എത്തുന്ന തീര്‍ത്ഥാടകരെ നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ അബ്റാര്‍ മസ്‍ജിദ് തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. അതേപോലെ തന്നെ കോഴിക്കോട് മൊയ്‍തീന്‍ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്‍ജിദുംതുറക്കില്ല എന്നാണ് തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന നിയന്ത്രണങ്ങള്‍ പാലിച്ച് പളളികള്‍ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് മൊയ്തീൻ പള്ളി പരിപാലന സമിതി അറിയിച്ചു.

പ്രസിദ്ധമായ തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തൽക്കാലം തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവിടേക്ക്ആരാധനയ്ക്കായി എത്തുന്നവരിൽ കൂടുതലും യാത്രക്കാരും അപരിചിതരുമാണെന്നും ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി വ്യക്തമാക്കി.