കാത്തിരുന്ന ആപ്പ് വന്നപ്പോൾ കൂട്ടംകൂടി ആപ്പിലാകരുതെന്ന മുന്നറിയിപ്പുമായി ‘കള്ളാപ്പ്’ ഹ്രസ്വചിത്രം

single-img
5 June 2020

സിനിമാ, പരസ്യ ചിത്രീകരണ മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ മൈന മൂവീസ് ആണ് 7 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം നിർമിച്ചത്. നർമത്തിന് പ്രാധാന്യമുള്ള ചിത്രത്തിനു പക്ഷേ, നടൻ ഹരിശ്രീ അശോകന്റെ ആമുഖം ഗൗരവം നൽകുന്നു.

സ്മാർട്ട് ഫോൺ പോലുമില്ലാത്ത സാധാരണക്കാർ വരെ മദ്യം വാങ്ങാനുള്ള ആപ്പിനായി അക്ഷമരായി കാത്തിരിക്കുന്നതും ഒടുവിൽ ആപ്പിൽ മദ്യം വാങ്ങിയുള്ള ആഘോഷത്തിൽ ആരോഗ്യജാഗ്രത മറക്കുന്നതും ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ഹെലിക്യാം ഉപയോഗിച്ച് പോലീസ് നടത്തിയ നിരീക്ഷണത്തിനിടെ നാട്ടിൻപുറങ്ങളിൽ യുവാക്കൾ ഓടി രക്ഷപ്പെടുന്ന വിഡിയോ ലോകഡൗണിന്റെ ആദ്യഘട്ടത്തിൽ വൈറൽ ആയിരുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്ന ഭാഗങ്ങളും ചിത്രത്തിലുണ്ട്.

മദ്യം നിന്നുപോയപ്പോൾ വീട്ടുകാർക്കൊപ്പം സ്നേഹപൂർവം സമയം ചെലവിട്ടവർ പൊടുന്നനെ കൂട്ടുകെട്ടിന്റെ ആഘോഷങ്ങളിലേക്കു കടക്കുന്നത് ചിത്രത്തിൽ കാണാം. നഗരവും നാട്ടിൻപുറവും ഫ്രെയിമുകളിൽ കാണാം. സാധാരണ മനുഷ്യരുടെ ചെറിയ സന്തോഷങ്ങളുടെ ലോകത്തേക്ക് തുറക്കുന്ന ജാലകം കൂടിയാണ് കള്ളാപ്പ്.

സർക്കാർ ഏജൻസികൾക്ക് വേണ്ടിയും സ്വതന്ത്രമായും ലഘുചിത്രങ്ങൾ നിർമിച്ച് കയ്യടി നേടിയ സംഘമാണ് മൈന മൂവീസ്. ലോക്‌ഡൗൺ കാലത്ത് പ്രവാസികളുടെ തിരിച്ചുവരവ്‌, മാസ്ക് ഉൾപ്പെടെയുള്ള പുതിയ ശീലങ്ങൾ, ആരോഗ്യപ്രവർത്തകരുടെ നിതാന്ത ജാഗ്രത, ആഘോഷങ്ങൾ ഉപേക്ഷിക്കുന്നതിലെ മാനവികത തുടങ്ങിയവ പ്രമേയമാക്കി മൈക്രോ ചിത്രങ്ങളുടെ സീരീസ് പുറത്തിറക്കിയിരുന്നു.

സുമേഷ് ചാലിശ്ശേരി ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
സംഗീതം വിനീഷ് മണിയും ക്യാമറ നിഷാദ് കൊല്ലഴിയും എഡിറ്റിംഗ് സുനിൽ പുലിക്കോട്ടിലും സ്ക്രിപ്റ്റ് രാജേഷ് നന്ദിയം കോടും ആർട്ട്‌ നന്ദൻ ചാലിശ്ശേരിയും നിർവഹിച്ചിരിക്കുന്നു.