പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ വാർഡുകൾ അടച്ചു: ഒൻപതു ഡോക്ടർമാർ ക്വാറൻ്റീനിൽ

single-img
3 June 2020

തിരുവനന്തപുരത്ത് ഇന്നലെ മരിച്ച കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായ ഒന്‍പതു ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ക്വാറന്റീനില്‍ പോയത്. ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അണുനശീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. 

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ ഫാ കെജി വര്‍ഗീസാണ് (77) ഇന്നലെ മരിച്ചത്. നാലാഞ്ചിറ സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് പന്ത്രണ്ടു ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായത്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം തുടങ്ങിയ മെയ് നാലു മുതല്‍ ഇതുവരെ 913 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 112 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.