ലോക്ക് ഡൗണിന്റെ പേരിൽ കേന്ദ്രസർക്കാർ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കരുത്: സിപിഎം പൊളിറ്റ് ബ്യൂറോ

single-img
3 June 2020

രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കരുതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. നാം പിന്തുടരുന്ന പരമ്പരാഗത വിദ്യാഭ്യാസ രീതി ഒഴിവാക്കരുതെന്നും വിദ്യാഭ്യാസ സമയം പുനക്രമീകരിക്കണമെന്നും അതേസമയം വിദ്യാർത്ഥികൾക്ക് അക്കാദമിക വർഷം നഷ്ടമകരുതെന്നും പിബി ആവശ്യപ്പെടുന്നു. രാജ്യം ഇപ്പോൾ കടന്നുപോകുന്ന ലോക്ക് ഡൗണ്‍ വിദ്യാഭ്യാസ മേഖലയെ താറുമാറാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ് എങ്കിലും ഇതിന്റെ മറവില്‍ പാര്‍ലമന്റ് അംഗീകരിക്കാത്ത വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

രാജ്യമാകെ ജനങ്ങൾക്കിടയിൽ ഡിജിറ്റല്‍ രംഗത്ത് വലിയ വിഭജനമാണ് നിലനില്‍ക്കുന്നത്. അങ്ങനെയുള്ളപ്പോൾ അതിനെ വിദ്യാഭ്യാസ രംഗത്തേക്കു തിരുകിവയ്ക്കരുതെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ സ്‌കൂളുകളിലെയും കോളജുകളിലെയും പരമ്പരാഗത വിദ്യാഭ്യാസത്തിനു പകരമായി ഡിജിറ്റല്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിന് പാര്‍ട്ടി എതിരാണ്.

ഇപ്പോഴുള്ള കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ പഠനം അലങ്കോലമാവാതിരിക്കാന്‍ താത്കാലികമായി ഡിജിറ്റല്‍ പഠനരീതിയെ ഉപയോഗിക്കാം. പക്ഷെ പരമ്പരാഗത പഠന രീതിക്കു പകരമായി അതിനെ മാറ്റരുത്. ഇപ്പോൾ ഇതിനെ താത്കാലികമായി ഉപയോഗിക്കുന്നതു പോലും എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉള്ള പ്രദേശങ്ങളിലാവണമെന്ന് പാര്‍ട്ടി അഭിപ്രായപ്പെടുന്നു.

അതേസമയം തന്നെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക വര്‍ഷം നഷ്ടമാവാത്ത വിധത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പഠന ക്രമം പുനക്രമീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പിബി തൃപ്തി രേഖപ്പെടുത്തി.കേരളത്തിന്റെ പ്രവർത്തനങ്ങൾ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.