കുമ്മനവും കണ്ണന്താനവും ഉദ്ഘാടനം ചെയ്ത കേരള ടൂറിസം പദ്ധതികളെ കേന്ദ്രസർക്കാർ റദ്ദാക്കി: റദ്ദാക്കിയതിൽ ശിവഗിരി ടൂറിസം സർക്യൂട്ടും

single-img
30 May 2020

ശിവഗിരി ടൂറിസം സർക്യൂട്ട് അടക്കം രണ്ടു പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 69.47 കോടി മുടക്കി നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതിയാണ് ശിവഗിരി ടൂറിസം സർക്യുട്ട് പദ്ധതി. ഈ പദ്ധതികൾ ഉപേക്ഷിച്ചതായി സംസ്ഥാന ടൂറിസം വകുപ്പിന് അറിയിപ്പ് ലഭിച്ചു.

ശിവഗിരി, അരുവിപ്പുറം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , ചെമ്പഴന്തി ഗുരുകുലം എന്നിവ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണ് ഉപേക്ഷിച്ചത് . ഐ.ടി.ഡി.സി മുഖേന നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.ഇതോടൊപ്പം, സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും പ്രധാന ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം ദേവാലയങ്ങളെ ചേർത്ത് 85.23 കോടി ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന മറ്റൊരു പദ്ധതിയും ഉപേക്ഷിച്ചതായി അറിയിച്ചിട്ടുണ്ട് . മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനാണ് ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തത്.

ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ ഒരുമിച്ചുചേർത്തു നടപ്പാക്കാൻ തീരുമാനിച്ചിരുന്ന വികസന പദ്ധതിയിൽ നിന്നും പിന്മാറുന്നതായാണ്‌ അറിയിച്ചിട്ടുള്ളത്. ആകെ 154 കോടിയുടെ പദ്ധതികളാണ് ഇതോടെ ,കേരളത്തിന് നഷ്ടമായത് . അതേ സമയം ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി കേന്ദ്രം ഉപേക്ഷിച്ചതിനെപ്പറ്റി അറിയില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.