സർക്കാർ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് കെയർ ഹോമിൽ നിന്നും നാല് താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് സൂപ്രണ്ട് ഷെെനിമോൾ: സ്വന്തം വാഹനമോടിക്കാൻ ഡ്രെെവറെമാത്രം നിലനിർത്തി

single-img
29 May 2020

തലസ്ഥാന ജില്ലയിലെ പുലയനാർ കോട്ട സർക്കാർ കെയർ ഹോമിൽ മാനേജ്മെൻ്റിൻ്റെ കീഴിലുള്ള താൽകാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഈ കോവിഡ് കാലത്ത് ജോലിയിൽ നിന്നും പിരിച്ചുവിടരുതെന്ന സംസ്ഥാന ഉത്തരവ് നിലനിൽക്കേയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഇവരെ കൂട്ടത്തോടെ പിരിച്ചു വിട്ടിരിക്കുന്നത്. ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നിൽ കെയർ ഹോം സൂപ്രണ്ട് എം ഷൈനി മോളുടെ വൈരാഗ്യ ബുദ്ധിയാണെന്നാണ് ആരോപണം ഉയരുന്നത്. 

ഇക്കഴിഞ്ഞ മാർച്ച് 14നു മാനേജ്മെൻ്റ് സ്റ്റാഫ് മീറ്റിംഗ് വിളിച്ചിരുന്നു. ഈ മീറ്റിംഗിലാണ് ഓർഡറോ മുൻകൂർ നോട്ടിസോ നൽകാതെ അഞ്ചു പേരിൽ നാല് പേരെ പിരിച്ചു വിട്ടത്. കോവിഡ് പശ്ചാത്തലത്തിൽ യാതൊരു കാരണവശാലും സാഹൂഹിക നീതി വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളിൽ കെ.എസ്.എസ്.എം (KSSM) മുഖേന നിയമിച്ചിട്ടുള്ള കരാർ ജീവനക്കാരെ സേവനത്തിൽ നിന്നും പിരിച്ചു വിടാൻ പാടുള്ളതല്ല എന്ന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലവിലിരിക്കേയാണ് ഇത്തരമൊരു അസാധാരണ നടപടി. കെയർ ഹോം സൂപ്രണ്ടിന്റെ ഈ മനുഷ്യത്വ രഹിതമായ നടപടിയ്ക്ക് എതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. 

സ്പോൺസർഷിപ്പിലൂടെയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് നിർവ്വാഹം ഇല്ലെന്നുമാണ് പിരിച്ചു വിടൽ സംബന്ധിച്ച് സൂപ്രണ്ട് ഷൈനി മോളുടെ വാദം. എന്നാൽ ഏകദേശം 65 ലക്ഷത്തോളം രൂപ നീക്കിയിരിപ്പുണ്ടെന്നും ഈ തുക ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപ്പിക്കാനുള്ള പുറപ്പാടിലാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രമല്ല മറ്റു കരാർ ജീവനക്കാരെ പിരിച്ചു വിട്ടപ്പോഴും കെയർ ഹോമിൽ കെയർ പ്രൊവൈഡർ:- ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന അജി എന്ന വ്യക്തിയെ മാത്രം ജോലിയിൽ നിലനിർത്തിയിരിക്കുന്നത് സൂപ്രണ്ടിൻ്റെ ഇരട്ടത്താപ്പായും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഡ്രൈവർ അജി ഇവിടുത്തെ മറ്റു ജീവനക്കാരേയും അന്തേവാസികളേയും അസഭ്യം പറയാറുണ്ടെന്നും പലപ്പോഴും ജീവനക്കാരെ കെെയേറ്റം ചെയ്യാറുണ്ടെന്നും പരാതികൾ ഉയരാറുണ്ട്. തനിക്ക് ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ പിൻബലം ഉണ്ടെന്നു പറഞ്ഞാണ് അജി ഭീഷണി മുഴക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ പ്രായമേറിയ ഒരു അന്തേവാസിയെ അജി ആംബുലൻസിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപണം ഉയർന്നിരുന്നു. 

സൂപ്രണ്ട് ഷെെനിമോളും തനിക്ക് ഭരണതലത്തിൽ പിടിപാടുണ്ടെന്നു പറഞ്ഞാണ് മറ്റു ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു മന്ത്രിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും തനിക്ക് എന്തു പ്രശ്നം ഉണ്ടായാലും അദ്ദേഹം തന്നെ സംരക്ഷിക്കുമെന്നും പല തവണയായി ഭീഷണി മുഴക്കിയെന്നും ചില ജീവനക്കാർ ആരോപിക്കുന്നുണ്ട്. സൂപ്രണ്ടിന്റെ പ്രത്യേക താൽപര്യത്തിലാണ് അജി സ്ഥാപനത്തിൽ തുടരുന്നതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. 

അത്യാവശ്യ സർവീസിൽ പെടുത്തി നിലനിർത്തിയിരിക്കുന്ന സ്ഥാപനത്തിലെ ഡ്രെെവറായ അജി ഹോമിനു വേണ്ടി മാത്രം പ്രവർത്തിക്കേണ്ട ജീവനക്കാരനാണ്. എന്നാൽ ഹോമിലെ ആംബുലൻസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനായി ആംബുലൻസ് ലോഗ് ബുക്കിൽ കൃത്രിമം കാണിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. മാത്രമല്ല നിലവിൽ ഫണ്ട് ഇല്ലാതിരുന്നിട്ടും കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയിരിക്കുന്നുവെന്ന് സൂപ്രണ്ട് പറയുന്ന ആംബുലൻസ് ഡ്രൈവറെ രാവിലെയും വെെകുന്നേരും തൻ്റെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറാക്കിയിരിക്കുകയാണ് ഷൈനിമോളെന്നും ചില ജീവനക്കാർ വെളിപ്പെടുത്തുന്നു. 

സർക്കാർ കെയർ ഹോമിൽ കഴിയുന്ന 88 അന്തേവാസികളിൽ 30 കിടപ്പ് രോഗികളുള്ള കെയർ ഹോമിൽ ജീവനക്കാരെ ആവശ്യം ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം കാറ്റിൽപ്പറത്തി മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചു വിട്ടതിനൊപ്പം കൂടുതൽ ജീവനക്കാരെ നിയമിക്കുവാനും സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ജീവനക്കാരെ വിശ്രമമില്ലാതെ ദിവസത്തിൽ 16 മുതൽ 17 മണിക്കൂർ വരെയാണ് ജോലി ചെയ്യിപ്പിച്ചു പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് സുപ്രണ്ടെന്നും ചലർ പരാതി പറയുന്നുണ്ട്. 

ദിവസവും പതിനേഴ് മണിക്കൂറോളം അടുപ്പിച്ചു ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ കോവിഡ് കാലത്തു പോലും കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നുള്ള ദയനീയാവസ്ഥയും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിഷയത്തിൽ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസറേയും വകുപ്പ് ഡയറക്ടറേയും മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പരിശോധിച്ച് ഉചിതമായ നടടിയുണ്ടാകുമെന്നുമാണ് അവർ മാധ്യമങ്ങളെ അറിയിച്ചത്.