ഛത്തീസ്ഗഡിന്റെ മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

single-img
29 May 2020

ഛത്തീസ്ഗഡിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗി 74) അന്തരിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഈ മാസം 9 മുതൽ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നു വീണ അജിത് ജോഗിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു.

ആശുപത്രിയിൽ അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. ശ്വാസ തടസം ഉണ്ടാകുകയും തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലും ആയതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.

ഒടുവിൽ വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. ഛത്തീസ്ഗഡ് രൂപീകരിച്ച ശേഷം സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. മുൻപ് 2 തവണ വീതം ലോക്സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട്

രാഷ്ട്രീയത്തിൽ എത്തും മുൻപ് മുൻ ഐഎഎസ് ഓഫീസർ കൂടിയായ അജിത് ജോഗി സംസ്ഥാന രൂപീകരണം മുതൽ 2007 വരെ സംസ്ഥാനത്തെ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചു. 2000ത്തിൽ കേന്ദ്ര സർക്കാർ മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപംനൽകിയപ്പോൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ സോണിയ ഗാന്ധിയുടെ പിന്തുണ അജിത് ജോഗിക്കായിരുന്നു. തുടർന്നുള്ള 2000 നവംബർ മുതൽ 2003 ഡിസംബർ വരെ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് അജിത് ജോഗി തുടര്‍ന്നു.