ക്വാറന്റൈൻ സെന്ററിൽ നിലത്ത് കിടന്നുറങ്ങിയ ആറുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

single-img
27 May 2020

ഉത്തരാഖണ്ഡിൽ കൊറോണ പ്രതിരോധ ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു. ക്വാറന്റൈൻ സെന്ററിൽ തന്റെ കുടുംബത്തോടൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്ന ആറുവയസുകാരിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഈ മാസം 25നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് നാഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സവിൻ ബൻസാൽ അറിയിച്ചു. പാമ്പുകടിയേറ്റ പിന്നാലെ ബേതാൽഘട്ടിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചതിന് ശേഷമാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

ഒഴിഞ്ഞ ഒരു സ്കൂൾ കെട്ടിടടമാണ് സർക്കാർ മുൻകൈയ്യിൽ ഉത്തരാഖണ്ഡിലെ തലി സേത്തി പ്രദേശത്ത് ക്വാറന്റൈൻ കെട്ടിടമായി മാറ്റിയത്. സ്‌കൂളിനോട് ചേർന്ന് തന്നെ വലിയ കുറ്റിക്കാട് ഉള്ളതിനാൽ പാമ്പ് കെട്ടിടത്തിനകത്ത് പ്രവേശിക്കാനുള്ള സാധ്യത നേരത്തെ തന്നെ സബ്ബ് ഇൻസ്പെക്ടർ(റവന്യൂ) രാജ്പാൽ സിങ്ങിനെ അറിയിച്ചിരുന്നുവെന്ന് ക്വാറന്റൈൻ സെന്ററിൽ ഉള്ളവർ പറഞ്ഞു.

പ്രദേശത്തെ അസൗകര്യത്തെക്കുറിച്ചും വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചും ഇവർ പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ക്വാറന്റൈൻ സെന്ററിൽ താമസിക്കുന്നവർക്ക് ഏർപ്പെടുത്തിയ ടോയിലെറ്റുകൾക്ക് വാതിൽ പോലുമില്ലെന്നാണ് ഇവിടെ നിരീക്ഷണത്തിൽ താമസിക്കുന്ന മഹേഷ് ചന്ദ്ര പറയുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് രജ്പാൽ സിങ്, വില്ലേജ് ഓഫീസർ ഉമേഷ് ജോഷി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.