ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ; തെളിവുകൾ ലഭിച്ചത് പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ

single-img
26 May 2020

കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ. റൂമില്‍ തല്ലിക്കൊന്ന പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ ലഭിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു.

പാമ്പിന്റെ മാംസമാകെ ജിർണിച്ച അവസ്ഥയിൽ ആയിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു. കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്‍റെ വിഷവും ഒന്നാണോ എന്നത് ഉള്‍പ്പെടെ കണ്ടെത്താനാണ് കേരളത്തില്‍ തന്നെ ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

സംഭവ ദിവസംഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു . ആ പാമ്പിനെയാണ് ഇപ്പോള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത് . കൊലപാതകവുമായി ബന്ധപ്പെട്ട് ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു. നിലവില്‍ ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു.

ഇവ രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. പാമ്പിന്‍റെ ആകെയുള്ള നീളം , പല്ലുകളുടെ അകലം എന്നിവയും പോസ്റ്റുമോര്‍ട്ടത്തില്‍ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലെ കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.