ഇന്ന് എസ്എസ്എൽസി പരീക്ഷ നടക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകനും രണ്ട് അധ്യാപകരും ചാരായം വാറ്റിന് പിടിയിലായി

single-img
26 May 2020

എസ്എസ്എല്‍സി പരീക്ഷ ഇന്ന് വീണ്ടും തുടങ്ങാനിരിക്കെ സ്‌കൂളിലെ പ്രധാന അധ്യാപകനും  മറ്റ് രണ്ട് അദ്ധ്യാപകരും വാറ്റുചാരായവുമായി പിടിയിലായി. കാറില്‍ കടത്തിയ വാറ്റുചാരായവുമായി പിടിയിലായത് കൊല്ലം അച്ചന്‍കോവില്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ പേരൂര്‍ക്കട സ്വദേശി, ഇതേ സ്‌കൂളിലെ എല്‍പി വിഭാഗത്തിലെ അദ്ധ്യാപകന്‍ കടയ്ക്കല്‍ തുമ്പോട് സ്വദേശി, യുപി വിഭാഗം അദ്ധ്യാപകന്‍ ആറ്റുപുറം സ്വദേശി എന്നിവരാണ് പിടിയിലായത്.

പ്രധാന അദ്ധ്യാപകന്റെ അഭാവത്തില്‍ പരീക്ഷ എഴുതേണ്ട സ്ഥിതിയിലാണ് സ്‌കൂളില്‍ എസ്എസ്എല്‍സി എഴുതേണ്ട വിദ്യാര്‍ത്ഥികള്‍. ഇവരുടെ കാറില്‍ നിന്നും ഒന്നര ലിറ്റര്‍ വാറ്റുചാരായം പോലീസ് സ്‌റ്റേഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിടിയിലായത്. സംഭവത്തില്‍ അച്ചന്‍കോവിലില്‍ സ്‌റ്റേഷനറി വ്യാപാരം നടത്തുന്നയാളും അറസ്റ്റിലായിട്ടുണ്ട്. 

പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി. പ്രധാന അധ്യാപകന്‍ പിടിയിലായെങ്കിലും പരീക്ഷ മുടക്കമില്ലാതെ നടക്കാന്‍ വിദ്യാഭ്യാസവകുപ്പ് ബദല്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.

വനത്തിന് നടുവിലുള്ള പ്രദേശത്താണ് സ്‌കൂള്‍. അതുകൊണ്ടു തന്നെ ഗതാഗത തടസ്സം ഇവിടേയ്ക്ക് നേരിടുന്നു എന്ന വലിയ പ്രശ്‌നം നില നില്‍ക്കുമ്പോഴാണ് അദ്ധ്യാപകനെ ഇപ്പോള്‍ പോലീസ് പിടികൂടുന്നത്. അതേസമയം സംസ്ഥാനത്ത് ഉടനീളമായി പുനരാരംഭിക്കുന്ന പരീക്ഷ മുടക്കം കൂടാതെ നടത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.