കോവിഡ് സ്ക്രീനിങ്ങിന് എത്തിയ അതിഥി തൊഴിലാളികളുടെ ശരീരത്തില്‍ അണുനാശിനി പ്രയോഗിച്ചു

single-img
23 May 2020

കൊറോണ വൈറസ് പ്രതിരോധ ഭാഗമായി സ്ക്രീനിങ്ങിനായി കാത്തിരുന്ന അതിഥി തൊഴിലാളികളുടെ ശരീരത്തിലേക്ക് ദക്ഷിണ ഡൽഹിയിലെ ലാജ്പത് നഗറിൽ പ്രാദേശിക ഏജൻസി അണുനാശിനി ഉപയോഗിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം.

നാടുകളിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രെയിനിലെ യാത്രയ്ക്കു മുന്‍പുള്ള സ്ക്രീനിങ്ങിനായി എത്തിയ തൊഴിലാളികൾക്ക് നേരെയാണ് അണുനാശിനി അടിച്ചത്. സംഭവത്തിന്റെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. വിഷയത്തില്‍ മാപ്പ് പറഞ്ഞ ഏജൻസി ഇത് തങ്ങള്‍ക്ക് അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞു. ജലത്തിന്റെ ശക്തി പെട്ടെന്നു വർദ്ധിച്ചതിനാല്‍ സ്പ്രേയുടെ ദിശ മാറുകയായിരുന്നുവെന്ന് മുൻസിപ്പൽ കോർപ്പറേഷൻ പറയുന്നു.പ്രദേശത്തെ റെസിഡൻഷ്യൽ കോളനിയിലുള്ളതാണ് തൊഴിലാളികളുടെ സ്ക്രീനിങ് നടത്തുന്ന സ്കൂൾ.

ഈ പ്രദേശത്ത് അണുനശീകരണം നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനാല്‍ എത്തിച്ച ജെറ്റിങ് മെഷീനിലേക്കുള്ള പ്രഷറിലാണ് വ്യതിയാനം ഉണ്ടായത്. അതോടുകൂടി തൊഴിലാളിക്ക് ഇതിന്റെ നിയന്ത്രണം നഷ്ടമായെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ഇനിയും ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധവേണമെന്ന് നിർദേശിച്ചതായും ഭരണകൂടം അറിയിച്ചു.