കൊറോണയെ ഭയന്നു ജീവിക്കുന്ന ജനങ്ങൾക്കിടയിൽ കൊറോണ രൂപത്തിൽ ആലിപ്പഴങ്ങൾ

single-img
23 May 2020

കൊറോണ വൈറസിനെ ഭയന്ന് ജീവിക്കുകയാണ് ലോകം മുഴുവൻ. ഈ സാഹചര്യത്തിലാണ് മെക്‌സിക്കോയിൽ കൊറോണയുടെ രൂപത്തിലുള്ള  ആലിപ്പഴ വീഴ്ച നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആലിപ്പഴത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. മെക്സിക്കോയിലെ മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. 

ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപത്തിലാണ് കൊറോണ വൈറസ് കണികകള്‍ കണ്ടെത്തിയിട്ടുളളത്. മെക്സിക്കോയിൽ വീണ ആലിപ്പഴങ്ങൾക്കും അതേ ആകൃതിയാണ്. കൊറോണ പടര്‍ന്നു പിടിക്കുന്നതിനിടെയുണ്ടായ പ്രതിഭാസം ആളുകളെ ആശങ്കയിലാക്കുകയാണ്. ആലിപ്പഴത്തിന്റെ രൂപത്തിലൂടെ അജ്ഞാതമായ ഏതോ ഒരു സന്ദേശം നല്‍കുകയാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. അതല്ല എല്ലാവരും ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പാണെന്നും കരുതുന്നവരുണ്ട്.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് കാലാവസ്ഥ നിരീക്ഷകര്‍. കൊറോണയുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും തികച്ചും സാധാരണമായ പ്രതിഭാസം മാത്രമാണെന്നുമാണ് അവര്‍ പറയുന്നത്. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുമ്പോൾ  കൂടുതല്‍ വലിപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് വ്യക്തമാക്കുന്നത്.