50 പേരുമായി ആരാധനാലയങ്ങൾ തുറക്കണം: ജനങ്ങളുടെ സ്തോത്രകാഴ്ചകള്‍ കൊണ്ടാണ് പള്ളികള്‍ നടക്കുന്നതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

single-img
22 May 2020

എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സീറോമലബാര്‍ സഭാധ്യക്ഷനും കെ.സി.ബി.സി പ്രസിഡന്റുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി. അമ്പതില്‍ കവിയാത്ത ആളുകളുകൾ ആരധനയ്ക്ക് എത്താതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നതിനോടൊപ്പം കുര്‍ബാനകളുടെ എണ്ണം കൂട്ടുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ഞായറാഴ്ച ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ വന്നെങ്കില്‍ അടുത്തയാഴ്ച വേറൊരു വീട്ടില്‍നിന്ന് രണ്ടുപേര്‍ക്ക് വരാം. എന്നാല്‍ ആളുകള്‍ കൂടാനിടയുള്ള പ്രദക്ഷിണങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പെരുന്നാളുകള്‍ എന്നിവയൊന്നും നടത്തരുത്. കുടുംബകൂട്ടായ്മകള്‍ വഴിയും ആളുകളെ നിയന്ത്രിക്കാം. ഒന്നോ രണ്ടോ വര്‍ഷം ദാരിദ്ര്യാവസ്ഥയില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മുണ്ടുമുറുക്കിയുടുക്കണം. ജനങ്ങളുടെ സ്തോത്രകാഴ്ചകള്‍ കൊണ്ടാണ് പള്ളികള്‍ നടക്കുന്നത്. അതു ലഭിക്കാതെ വരുമ്പോള്‍… ഇപ്പോഴത്തെ സാഹചര്യത്തില്‍ ചോദിക്കുന്നതുതന്നെ ശരിയല്ല. എന്നാലും വിശ്വാസികള്‍ തരും. ഒരുവനും ഒറ്റയ്ക്ക് ഒന്നും നേടുന്നില്ല- അദ്ദേഹം പറയുന്നു. 

സമ്പാദ്യങ്ങള്‍, നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള മറ്റുള്ളവര്‍ക്ക് കൊടുക്കണം. അത് ധൂര്‍ത്തിനോ ആഡംബരങ്ങള്‍ക്കോ ഉപയോഗിക്കരുത്. കോടികള്‍ മുടക്കി പള്ളികള്‍ എന്ന ചിന്താഗതി വരുന്നത് ഒരു അച്ചന്റെയോ മെത്രാന്റെയോ ആഗ്രഹം കൊണ്ടല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.